ഭാരതത്തിലെ സന്യാസിമാർ ആന്തരിക അവയവങ്ങൾ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കി അകത്ത് വെക്കുമായിരുന്നു എന്ന് നവ്യ നായർ ഒരു ടെലിവിഷൻ ഷോയ്ക്കിടെ പറഞ്ഞത് വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ നവ്യയുടെ പരാമർശത്തിന്റെ ആധികാരികതയെ കുറിച്ചുള്ള ഒരു കുറിപ്പാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. വെള്ളാശ്ശേരി ജോസഫ് എന്ന വ്യക്തിയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
“ഭാരതത്തിലെ സന്യാസിമാർ ആന്തരിക അവയവങ്ങൾ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കി അകത്ത് വെക്കുമായിരുന്നു” എന്ന് നടി നവ്യാ നായർ പറഞ്ഞതായി സോഷ്യൽ മീഡിയയിൽ ചിലരൊക്കെ പോസ്റ്റ് ചെയ്യുന്നൂ; എന്നിട്ട് ആ പ്രസ്താവനയെ അവർ ട്രോളുന്നൂ. ‘ആന്തരിക അവയവങ്ങൾ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കുക’ എന്നതിലൂടെ നവ്യാ നായർ ഉദ്ദേശിച്ചത് മിക്കവാറും യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന് പറയുന്ന ഒരു ക്ഷാളന ക്രിയയെ കുറിച്ച് ആയിരിക്കും.
യോഗയിലെ ഈ ‘വസ്ത്ര ധൗതി’-യെ കുറിച്ച് കണ്ടമാനം തെറ്റിദ്ധാരണ പലർക്കുമുണ്ട്. ആറു മീറ്ററോളം വരുന്ന ഒരുതരം വെള്ള റിബൺ ആണ് ‘വസ്ത്ര ധൗതി’ -ക്ക് വേണ്ടി സാധാരണ ഉപയോഗിക്കാറുള്ളത്. ചെറു ചൂടുള്ള ഉപ്പു വെള്ളത്തിൻറ്റെ കൂടെ ഒരറ്റം കയ്യിൽ പിടിച്ചുകൊണ്ട് ആ റിബൺ വിഴുങ്ങാറാണ് പതിവ്. പിന്നീട് ‘വസ്ത്ര ധൗതി’-യിൽ അത് പതുക്കെ പതുക്കെ പുറത്തേക്ക് വലിച്ചെടുക്കും. ഗ്യാസ് ട്രബിളിനും അസിഡിറ്റിയിൽ നിന്നും രക്ഷ നേടാനായാണ് ഈ ശുദ്ധീകരണ ക്രിയ ചെയ്യുന്നത്. ‘വമന ധൗതി’ എന്നുള്ള ശർദ്ദിപ്പിക്കൽ പരിപാടിയെക്കാൾ കുറച്ചുകൂടി അഡ്വാൻസ്ഡ് ആയുള്ള ഒരു ക്രിയ മാത്രമാണിത്. ശരീരത്തിന് അകത്തുള്ള ഒരു അവയവും വലിച്ച് പുറത്തേക്കെടുക്കുന്നില്ല. ആയുർവേദത്തിലും പഞ്ചകർമ്മ ചികിത്സയുടെ ഭാഗമായി ‘വമനം’ ഉണ്ട്. യോഗയിൽ അത് കുറച്ചുകൂടി വ്യക്തി ‘എഫർട്ട്’ എടുത്ത് ചെയ്യണമെന്നേയുള്ളൂ.
സത്യം പറഞ്ഞാൽ, പൊലിപ്പിച്ച് പൊലിപ്പിച്ച് യോഗയെ കുറിച്ചും, ക്ഷാളന ക്രിയകളെ കുറിച്ചും കണ്ടമാനം തെറ്റിദ്ധാരണകൾ ആണ് സാധാരണ ജനത്തിനുള്ളത്. സാധാരണ ജനത്തിന് മാത്രമല്ലാ; വിദ്യാഭ്യാസമുള്ളവർക്ക് പോലും കണ്ടമാനം തെറ്റിധാരണകളുണ്ട്. യമ, നിയമ, ആസന, പ്രാണായാമം, പ്രത്യഹര, ധ്യാന, ധാരണ, സമാധി – ഇവയാണ് അഷ്ടാംഗ യോഗത്തിലെ എട്ടു രീതികൾ. ഇതിലൊന്നും യാതൊരു ദുരൂഹതകളുമില്ലാ. നല്ല ഒരു ഗുരുവിൻറ്റെ കീഴിൽ പോയി ഇതൊക്കെ അഭ്യസിച്ചാൽ മാത്രം മതി. മുൻഗറിലെ ‘ബീഹാർ സ്‌കൂൾ ഓഫ് യോഗ’ പോലെ ഇതൊക്കെ നന്നായി പഠിപ്പിക്കുന്ന സ്ഥാപനങ്ങളുമുണ്ട്.
ഇനി ക്ഷാളന ക്രിയകളെ കുറിച്ച് പറഞ്ഞാൽ, ജലനേതി, സൂത്രനേതി, വമന ധൗതി, വസ്ത്ര ധൗതി, പ്രക്ഷാളൻ – എന്നിങ്ങനെയുള്ള ആറു ക്ഷാളന ക്രിയകളുണ്ട് യോഗയിൽ. ഇവിടേയും യാതൊരു ദുരൂഹതകളുമില്ലാ. നല്ല ഒരു ഗുരുവിൻറ്റെ കീഴിൽ പോയി ഇതൊക്കെ അഭ്യസിച്ചാൽ മാത്രം മതി. ‘വസ്ത്ര ധൗതി’ പോലുള്ള അഡ്വാൻസ്ഡ് ആയുള്ള ക്രിയകൾ ഒരു ഗുരുവിൻറ്റെ മേൽനോട്ടത്തിൽ മാത്രമേ ചെയ്യാവൂ. അതല്ലെങ്കിൽ ശരീരത്തിൽ പല അസ്വസ്ഥകളും വരും.
സൈനസൈറ്റിസിനും മൂക്കടപ്പിനും തുമ്മലിനും ജലദോഷത്തിനും എതിരെ പ്രയോഗിക്കുന്ന ഒരു സിമ്പിൾ ടെക്നിക്കാണ് ജലനേതി. മുക്കിൻറ്റെ ഉൾഭാഗം വൃത്തിയാക്കാൻ, ഹഠയോഗത്തിലെ ക്ഷാളന ക്രിയകളിലുള്ളതാണ് ജലനേതിയും സൂത്രനേതിയും. ‘ലോട്ടാ നേതി’ എന്ന ഒരു പാത്രം ജലനേതി ചെയ്യാനായി ഉണ്ട്. ജലനേതി ചെയ്യുമ്പോൾ ചെറുചൂടുള്ള ഉപ്പുവെള്ളം നാസികാ ദ്വാരത്തിലൂടെ കയറ്റുകയാണ് ചെയ്യുന്നത്. ഉപ്പുവെള്ളം പിന്നീട് വായിലൂടെ പുറത്തു വരും. കടുകെണ്ണ ചിലപ്പോൾ ജലനേതി ചെയ്യുമ്പോൾ ഉപ്പുവെള്ളത്തിൻറ്റെ കൂടെ ചേർക്കാറുണ്ട്.
സൈനസ് പ്രശ്നത്തിനും, വിട്ടുമാറാത്ത ജലദോഷത്തിനും ആഴ്ചയിൽ ഒരിക്കൽ ജലനേതി ചെയ്‌താൽ മതി. ജലനേതി സിമ്പിൾ ടെക്നിക്ക് ആണ്. ചെറു ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് മൂക്കിൻറ്റെ ഉൾഭാഗം കഴുകുന്ന രീതിയാണിത്. കുറച്ചു കൂടി അഡ്വാൻസ്ഡ് ആയ സൂത്ര നേതിയും ഉണ്ട് യോഗയിലെ ക്ഷാളന ക്രിയകളുടെ ഭാഗമായി മൂക്കിൻറ്റെ ഉൾഭാഗം ക്ളീൻ ചെയ്യാൻ. സൂത്രനേതിയിൽ ഇപ്പോൾ മൂക്കിലൂടെ കടത്താൻ യോഗാ കേന്ദ്രങ്ങൾ നീളം കുറഞ്ഞ ചെറിയ റബർ ട്യൂബ് ആണ് ഉപയോഗിക്കുന്നത്. പണ്ടൊക്കെ ചകിരിനാര് ഉപയോഗിച്ചിരുന്നു. മുക്കിൻറ്റെ ഉൾഭാഗവും തലച്ചോറും തമ്മിൽ ബന്ധമുണ്ട്. അതുകൊണ്ട് ജലനേതിയും സൂത്ര നേതിയും ചെയ്യുമ്പോൾ തല ഉണരുന്നതുപോലെ തോന്നും. കടുകെണ്ണ ഉപ്പുവെള്ളത്തിൻറ്റെ കൂടെ ജലനേതി ചെയ്യുമ്പോൾ ചേർത്താൽ തീർച്ചയായും തലയ്ക്ക് ഒരു നല്ല ഉണർവ് വരും. ആയുർവേദത്തിലെ നസ്യത്തിന് സമാനമാണ് ജലനേതിയും സൂത്രനേതിയും. രണ്ടും വളരെ ‘എക്സ്പേർട്ട്’ ആയിട്ടുള്ള യോഗാ ശിക്ഷകരുടെ മേൽനോട്ടത്തിൽ മാത്രമേ ചെയ്യാവൂ. ഉപ്പുവെള്ളം ഒരു കാരണവശാലും മുക്കിൻറ്റെ ഉൾഭാഗത്ത് തങ്ങി നിൽക്കരുത്. വെറും വയറ്റിൽ അതിരാവിലെ ജലനേതിയും സൂത്രനേതിയും ചെയ്യുന്നതാണ് നല്ലത്.
ഇങ്ങനെ യോഗയിലെ ഓരോരോ ക്രിയകളെ കുറിച്ചും, പോസ്റ്ററുകളെ കുറിച്ചും സമർത്ഥനായ ഒരു യോഗാ ഗുരുവിൻറ്റെ കീഴിൽ പഠിച്ചവർക്ക് സംസാരിക്കാം. പഠിക്കുകയും അഭ്യസിക്കുകയും ചെയ്യാത്തവർ സംസാരിക്കാതിരിക്കുന്നതായിരിക്കും ഉത്തമം. എല്ലാ ഫീൽഡിലും അങ്ങനെയാണല്ലോ. നവ്യാ നായർ അറിവില്ലായ്മ കൊണ്ടായിരിക്കാം വിവരക്കേട് പറഞ്ഞത്. പോട്ടെ, സാരമില്ല. മനുഷ്യ ശരീരത്തെ കുറിച്ചും, ആന്തരിക അവയവങ്ങളെ കുറിച്ചും, ചിട്ടയായ യോഗാഭ്യസത്തിലൂടെ മനുഷ്യാവയവങ്ങൾ എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നതിനെ കുറിച്ചും ‘ബീഹാർ സ്‌കൂൾ ഓഫ് യോഗയും’, BKS അയ്യങ്കാറുമൊക്കെ ഇഷ്ടം പോലെ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ‘ബീഹാർ സ്‌കൂൾ ഓഫ് യോഗ’-യുടെ ചില പുസ്തകങ്ങൾ ഒക്കെ എഴുതിയിരിക്കുന്നത് ഗ്ലാസ്ഗോയിൽ നിന്ന് മെഡിസിനിൽ MD വരെ നേടിയ സന്യാസികളാണ്. അത്തരക്കാർ അഭിപ്രായം പറയട്ടെ. നവ്യാ നായരെ പോലുള്ളവർ അറിവില്ലാത്ത മേഖലകളെ കുറിച്ച് ഒന്നും സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.