മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാധു. റോജ എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. യോദ്ധ എന്ന സിനിമയിലൂടെ താരം മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം താരം സിനിമ മേഖലയിൽ നിന്നും ചെറിയ ഒരു ബ്രേക്ക് എടുത്തു എങ്കിലും 2011 വർഷം മുതൽ താരം ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇപ്പോൾ സിനിമ മേഖലയിലേക്ക് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോൾ ഒരു തമിഴ് മാധ്യമത്തിന് താരം നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
“വിവാഹശേഷം നടിമാർ അഭിനയിക്കുന്ന കാര്യങ്ങളിൽ പഴയതിൽ നിന്നും ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ആദ്യമൊക്കെ നടിമാർക്ക് വിവാഹ ആലോചനകൾ വന്നു തുടങ്ങുന്നത് മുതൽ സിനിമയിൽ അവസരം നഷ്ടപ്പെട്ടു തുടങ്ങുന്ന അവസ്ഥയായിരുന്നു. ഇന്ന് അതിനെല്ലാം ഒരുപാട് മാറ്റം വന്നിട്ടുണ്ട്. വിവാഹം കഴിഞ്ഞാലും ഗർഭിണി ആയിരിക്കുമ്പോഴും എല്ലാം സിനിമയിൽ അഭിനയിക്കുവാൻ നടിമാർക്ക് അവസരം ലഭിക്കുന്നുണ്ട്. നായകന്മാർക്ക് അവരുടെ കരിയറിൽ ഒരു ബ്രേക്ക് സംഭവിക്കുന്നില്ല. അവർ അതിനെക്കുറിച്ച് ചിന്തിക്കുന്നുമില്ല. പക്ഷേ നായികമാരെ സംബന്ധിച്ച് വിവാഹത്തിനുശേഷം ഉത്തരവാദിത്വങ്ങൾ ഉള്ളതുകൊണ്ടും ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടും ബ്രേക്ക് അത്യാവശ്യമായി വരികയാണ്. എന്നാൽ വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്ന് തനിക്ക് അഭിനയിക്കാൻ കഴിയില്ല എന്ന് ഒരു നടി ചിന്തിച്ചു തുടങ്ങിയാൽ മാത്രമേ ഇന്ന് ആ പ്രശ്നമുള്ളൂ. തനിക്ക് പ്രായമായി എന്നും ഇനി അത്തരത്തിലുള്ള വേഷങ്ങൾ ചെയ്യാൻ സാധിക്കുകയില്ല എന്നും സ്വയം ചിന്തിച്ചു മുന്നോട്ടു പോയാൽ പ്രശ്നമില്ല” – താരം പറയുന്നു.
“എന്നെ സംബന്ധിച്ച് പ്രായം എന്നു പറയുന്നത് രണ്ട് അക്കങ്ങൾ മാത്രമാണ്. രണ്ട് വലിയ കുട്ടികളുടെ അമ്മയാണ് ഞാൻ എന്നത് എനിക്ക് എന്നോട് തന്നെയുള്ള താൽപര്യത്തെ ഇല്ലാതാക്കുന്നില്ല. എനിക്ക് ഇപ്പോഴും മേക്കപ്പ് ഇട്ട് മോഡൽ ഡ്രസ്സുകൾ ധരിച്ച് കൂടുതൽ ചെറുപ്പത്തോടെ നടക്കാനാണ് ഇഷ്ടം. അതുകൊണ്ടുതന്നെ എനിക്ക് 10,15 വയസ്സ് കുറവാണ്. ഒരുപക്ഷേ കോളേജ് റൊമാൻസ് സിനിമകൾ ചെയ്യാൻ പറ്റില്ലായിരിക്കും. പക്ഷേ 40കളിലും 50കളിലും എല്ലാം പ്രണയം ഉണ്ട്. അതുകൊണ്ടുതന്നെ എനിക്ക് പ്രണയ സിനിമകൾ ചെയ്യാൻ സാധിക്കും” – താരം കൂട്ടിച്ചേർക്കുന്നു.
മിസ്റ്റർ റോമിയോ എന്ന സിനിമയിൽ പ്രഭുദേവയുടെ ഒപ്പം നൃത്തരംഗത്തിൽ അഭിനയിച്ചതിനെക്കുറിച്ചു താരം പറയുന്നത് ഇങ്ങനെയാണ് – അന്ന് അദ്ദേഹം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡാൻസർ ആണ്. ഞാനാണെങ്കിൽ ഒരു തുടക്കക്കാരി മാത്രമാണ്. ഗാനരംഗം തുടങ്ങുന്നതിനു മുൻപ് എന്നെ ഡാൻസ് പഠിപ്പിക്കുവാൻ അസിസ്റ്റന്റിനെ ഏർപ്പാടാക്കി അദ്ദേഹം മുറിയിൽ നിന്നും ഇറങ്ങിപ്പോയി. എനിക്കത് ഒരുപാട് വേദനിച്ചു. ഒരുപക്ഷേ ഞാൻ തുടക്കക്കാരി ആയതുകൊണ്ടായിരിക്കും ഇങ്ങനെ പറഞ്ഞിട്ട് അദ്ദേഹം ഇറങ്ങിപ്പോയത് എന്നാണ് ഞാൻ ചിന്തിച്ചത്. വലിയ നടൻ ആയതുകൊണ്ട് അഹങ്കാരം ഒക്കെ ഉണ്ടാകും അല്ലേ എന്ന് മനസ്സിൽ ചിന്തിച്ചു. എന്നാൽ രണ്ടര മണിക്കൂർ കൊണ്ട് അദ്ദേഹം വരുമ്പോഴേക്കും ഞാൻ സ്റ്റെപ് എല്ലാം പഠിച്ചു റെഡിയായി നിൽക്കുകയായിരുന്നു. അദ്ദേഹത്തോട് അന്ന് ഈഗോ ഉണ്ടായിരുന്നു, അദ്ദേഹത്തോടുള്ള ദേഷ്യം മനസ്സിൽ വച്ചാണ് പാട്ട് ചെയ്തത്.