കഴിഞ്ഞദിവസം ആയിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചുകൊണ്ട് വിനായകൻ രംഗത്തെത്തിയത്. ഉമ്മൻചാണ്ടി ചത്തു എന്നും അതിനിപ്പോൾ എന്താ എന്നും എന്തിനാണ് മാധ്യമങ്ങൾ മൂന്നുദിവസമായിട്ട് ഇതുതന്നെ കാണിച്ചു കൊണ്ടിരിക്കുന്നത് എന്നുമായിരുന്നു വിനായകൻ ചോദിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ആയിരുന്നു വിനായകൻ ഈ കാര്യങ്ങൾ ചോദിച്ചത്. പിന്നീട് വിനായകൻ തന്നെ ഈ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ എഴുതുന്ന അഞ്ചു പാർവതി പങ്കുവെക്കുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്:
“ഒരു കമ്മി പുരോഗമിച്ചാൽ അന്തംകമ്മി ആവും. അപ്പോൾ പിന്നെ ഒരു ശരാശരി അന്തംകമ്മി പുരോഗമിച്ചാൽ എന്താവും? വിനായകൻ ആവും എന്നതാണ് ഉത്തരം. ഇന്നലെവരെ ഈ കലാകാരനോട് കുറച്ച് ആദരവ് ബാക്കിയുണ്ടായിരുന്നു. എന്നാൽ ഇയാളുടെ വീഡിയോ കണ്ടതോടെ അതും ഇല്ലാതായി. എത്രമാത്രം രാഷ്ട്രീയ വിഷമാണ് ഇയാളുടെ ഉള്ളിൽ ഉണ്ടായിരിക്കുക, ഈ അവസരത്തിൽ ഇതുപോലെ ഒരു വീഡിയോ ചെയ്യണമെങ്കിൽ. ഇയാളൊക്കെ കലാകേരളത്തിന് മായ്ച്ചാലും മായാത്ത കളങ്കമാണ്, ഒരു അപമാനമാണ്. ഒരു കലാകാരൻ എങ്ങനെ ആവാൻ പാടില്ല എന്നതിന്റെ നേർക്കാഴ്ച ആണ് വിനായകൻ.
അതെടോ വിനായക, മരണം എല്ലാവരെയും തേടിയെത്തും. എന്നെയും നിന്നെയും എല്ലാം. അത് ചാണ്ടി സാറിനെയും തേടി വന്നു. പക്ഷേ മരണശേഷം നമ്മൾ കടന്നു പോകുമ്പോൾ അവശേഷിക്കുന്നത് ഈ ഭൂമിയിൽ നമ്മൾ ചെയ്ത കർമ്മങ്ങൾ മാത്രമാണ്. ഒരു മനുഷ്യജന്മം കൊണ്ട് പകർന്നു നൽകിയ നന്മയും സ്നേഹവും കരുണയും എല്ലാം മായാത്ത രേഖകളായി അവശേഷിക്കുന്നു. അതാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. താനൊക്കെ മടങ്ങുമ്പോൾ തന്റെ പുഴുത്ത നാവിൽ നിന്നും വീണ് അഴുകിയ വാക്കുകൾ ഒരിക്കലും മായാത്ത കളങ്കമായി ഇവിടെ നിറഞ്ഞു നിൽക്കും.
സ്നേഹം വാരി വിതറിയ മനുഷ്യന് അന്ത്യ യാത്രയിൽ നിറമിഴികളുടെ ജനം അതേ സ്നേഹം വാരിക്കോരി നൽകുകയാണ്. അത് അദ്ദേഹത്തിൻറെ കർമ്മഫലം. വെറുപ്പ് വാരി വിതറുന്ന തനിക്ക് താൻ അർഹിക്കുന്നത് തന്നെ കിട്ടിയേക്കും, അത് തന്റെ കർമ്മ ഗുണം. മനുഷ്യൻ ആവടോ ഇനിയെങ്കിലും” – അഞ്ചു പാർവതി പറയുന്നു.