വെച്ചിട്ട് പോടാ ഉമ്മൻചാണ്ടി – കേരള മുഖ്യമന്ത്രിക്ക് എന്നെപ്പോലൊരു സാധാ ഡോക്ടറെ നേരിട്ട് വിളിക്കേണ്ട കാര്യമില്ലല്ലോ, അതിനുള്ള അനുഭവ പരിചയവും രാഷ്ട്രീയ ബന്ധങ്ങളും എനിക്കില്ല – വർഷങ്ങൾക്കു മുൻപ് നടന്ന അബദ്ധം ഓർത്തെടുത്തു ഡോ സുൽഫി നൂഹു

0
1042

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് ഡോക്ടർ സുൽഫി നൂഹു എഴുതുന്ന ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിന് പറ്റിയ ഒരു അബദ്ധത്തെ കുറിച്ചാണ് ഇദ്ദേഹം സംസാരിക്കുന്നത് – “പൊങ്കാലയിടാൻ വരട്ടെ. ഇതൊരു അബദ്ധം പറ്റിയ കഥയാണ്. ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ കാര്യമില്ല. ഏകദേശം 15 വർഷങ്ങൾക്ക് മുൻപാണ്, ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയം. ജൂനിയർ ഡോക്ടർമാരുടെ അസോസിയേഷൻ പ്രവർത്തനങ്ങളിൽ ചെറിയതോതിൽ പ്രവർത്തിക്കുന്നുണ്ട്. അത്യാവശ്യം കാര്യങ്ങളിൽ ഇടപെടും എന്നല്ലാതെ സജീവമായ പ്രവർത്തനങ്ങൾ ഒന്നും തന്നെയില്ല.

പിജി വിദ്യാർത്ഥികളുടെ സ്റ്റൈപ്പൻഡ് നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് അവർ പണിമുടക്കിലാണ്. പ്രശ്നപരിഹാരത്തിനു വേണ്ടി അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിയുമായി ചർച്ചകളിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. എങ്കിലും ചർച്ചയിലൂടെ കാര്യങ്ങൾ എങ്ങും എത്തിയില്ല. മുഖ്യമന്ത്രിയുമായി കൂടി ചർച്ച ചെയ്തതിനുശേഷം മാത്രം അറിയിക്കാമെന്ന് ആരോഗ്യവകുപ്പ് മന്ത്രി പറയുകയായിരുന്നു.

അടുത്തദിവസം എൻറെ ഫോണിലേക്ക് ഒരു കോൾ വരുകയായിരുന്നു. പരിചയമുള്ള ഒരു ശബ്ദമായിരുന്നു അത്. “ഡോക്ടറെ ഞാൻ ഉമ്മൻചാണ്ടിയാണ്” – മലയാളികൾക്ക് എല്ലാം പരിചിതമായ ആ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു. എങ്കിലും എനിക്ക് സംശയമായി. കേരള മുഖ്യമന്ത്രിക്ക് എന്നെ പോലെ ഒരു സാധാരണക്കാരനെ നേരിട്ട് വിളിക്കേണ്ട കാര്യം ഒന്നും ഇല്ലല്ലോ. അതിനുമാത്രം പരിചയവും രാഷ്ട്രീയ ബന്ധങ്ങളും ഒന്നും തന്നെ എനിക്കില്ല.

ഇതുകൂടാതെ ഉമ്മൻചാണ്ടി മുതൽ അമിതാഭ് ബച്ചന്റെ വരെ ശബ്ദം അനുകരിക്കുന്ന ധാരാളം സുഹൃത്തുക്കൾ എനിക്ക് ഉണ്ടായിരുന്നു. എൻറെ സുഹൃത്തുക്കൾ ആരോ പണി തരാൻ ഇറങ്ങിയതാണ് എന്നു കരുതി. ഉമ്മൻചാണ്ടിയാണ് എന്ന് പറഞ്ഞപ്പോൾ എൻറെ അലസമായ ഉത്തരം ഇങ്ങനെ – “ഓ പറ”. “സ്റ്റൈപ്പൻഡ് വിഷയത്തിൽ നിങ്ങൾക്ക് അനുകൂലമായ തീരുമാനം എടുത്തിട്ടുണ്ട്” – അദ്ദേഹം പറഞ്ഞു. എൻറെ പുച്ഛം കലർന്ന മറുപടി ഇങ്ങനെയായിരുന്നു – “എന്നിട്ട്?”. വിശേഷം ഒരു വാചകം കൂടി ഞാൻ കാച്ചി – “വെച്ചിട്ട് പോടാ ഉമ്മൻചാണ്ടി”. അദ്ദേഹം ഫോൺ വെച്ചില്ല എന്ന് മാത്രമല്ല സംസാരം തുടരുകയും ചെയ്തു – “ഡോക്ടറെ ഞാൻ ഉമ്മൻചാണ്ടി തന്നെയാണ്”. പിന്നെ പറഞ്ഞതെല്ലാം ഞാൻ പകുതി കേട്ടു കേട്ടില്ല എന്ന് അവസ്ഥയിലായിരുന്നു.

ഞാൻ സോറി പറഞ്ഞത് അദ്ദേഹം ശ്രദ്ധിച്ചോ എന്ന് എനിക്ക് ഓർമ്മയില്ല. ഫോൺ വെച്ചിട്ടും എനിക്ക് സ്ഥലകാലബോധം ഉണ്ടാവുന്നില്ല. മുഖ്യമന്ത്രിയോട് “വെച്ചിട്ട് പോടാ” എന്നു പറഞ്ഞത് ഞാൻ അല്ല എന്ന് സ്വയം പറഞ്ഞു ബോധിപ്പിക്കാൻ ശ്രമിച്ചു. ഒരു ചെറിയ അബദ്ധം പറ്റിയതാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാകും അദ്ദേഹം എന്ന് കരുതി സ്വയം ആശ്വസിച്ചു. പിന്നീട് പല സന്ദർഭങ്ങളിലും സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഞാൻ സന്ദർശിച്ചിട്ടുണ്ട്. അന്നത്തെ ആ “പോടാ” വിളിക്കാറിനെ അദ്ദേഹം തിരിച്ചറിഞ്ഞില്ല എന്ന് കരുതി ഞാൻ ആശ്വസിക്കുകയായിരുന്നു. ഒരുപക്ഷേ ഈ ലാളിത്യം തന്നെ ആയിരിക്കണം അദ്ദേഹത്തെ ജനങ്ങളുമായി അടുപ്പിച്ചു നിർത്തുന്നത്. ഒരിക്കൽ കണ്ടാൽ സകല ഭൂമിശാസ്ത്രവും മറക്കാത്ത, തീവ്രമായ ഓർമശക്തിയുള്ള അദ്ദേഹം ആ “പോടാ” വിളിക്കാരനെയും മറന്നിരിക്കും, ഉറപ്പാണ് അത്” – ഡോക്ടർ എഴുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here