മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരെ ഉണ്ടാക്കാൻ സാധിച്ച താരജോഡികളാണ് സൂര്യയും ജ്യോതികയും.വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയപ്പോൾ ഏറ്റവും വലിയ പിന്തുണ നൽകിയത് ഭർത്താവ് സൂര്യയാണ്.
2006 ലായിരുന്നു താരങ്ങളുടെ വിവാഹം. ഉത്തരേന്ത്യൻ പശ്ചാത്തലമുള്ള ജ്യോതിക സൂര്യയുടെ തമിഴ് കുടുംബത്തിലേക്ക് കടന്ന് വന്നു. ദിയ, ദേവ് എന്നീ രണ്ട് മക്കളാണ് ജ്യോതികയ്ക്കും സൂര്യക്കും പിറന്നത്. മക്കളെ ലൈം ലൈറ്റിലേക്ക് കൊണ്ടുവരാതിരിക്കാൻ താരദമ്പതികൾ ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ കുട്ടികളുടെ പഠനത്തിനാണ് ഇരുവരും പ്രാധാന്യം നൽകുന്നത്.കുട്ടികളുടെ പഠനത്തിനായാണ് മുംബൈയിലേക്ക് മാറിയതെന്നാണ് വിവരം. തമിഴ്നാട്ടുകാരനായ സൂര്യ മുംബൈയിലേക്ക് താമസം മാറിയത് സിനിമാ ലോകത്ത് സംസാരമായിരുന്നു.
ഇതേക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് ജി ധനഞ്ജയൻ. കുട്ടികളെ ലൈം ലൈറ്റിൽ നിന്ന് മാറ്റി നിർത്താൻ കൂടിയാണ് ഈ വീട് മാറ്റമെന്ന് ഇദ്ദേഹം പറയുന്നു. കുട്ടികൾക്ക് താരങ്ങളുടെ മക്കളാണെന്ന ചിന്ത വരരുത്. ചെന്നെെയിൽ എങ്ങനെയായാലും പുറത്ത് പോയാൽ സൂര്യയുടെ മക്കൾ എന്ന ജനശ്രദ്ധ വരും. മുംബൈയിൽ പക്ഷെ അധിമാർക്കും മക്കളെ അറിയില്ലല്ലോയെന്നും ധനഞ്ജയൻ പറയുന്നു.മുംബൈയിലേക്ക് മാറിയതിൽ ഒരു തെറ്റുമില്ല. അദ്ദേഹം ഇപ്പോഴും ചെന്നെെയിൽ ഷൂട്ടിംഗിലാണ്. അടുത്തിടെ ഒരു പരിപാടിയിലും പങ്കെടുത്തു. അങ്ങനെ നോക്കുകയാണെങ്കിൽ നടൻ ആര്യയും കുടുംബത്തോടൊപ്പം മുംബൈയിലാണ്. താമസിക്കുന്നത് മുംബൈയിലാണോ ചെന്നെെയിലാണോ എന്നതിന് പ്രാധാന്യം ഇല്ലെന്നും ധനഞ്ജയൻ വ്യക്തമാക്കി.
മറ്റൊന്ന് അദ്ദേഹം പറഞ്ഞത് ഇതാണ്,2002 കാലഘട്ടത്തിൽ അജിത്തിനും വിജയ്ക്കും കരിയറിൽ വഴിത്തിരിവുണ്ടായി ടോപ് ലെവലിലേക്ക് വന്നു. ആ സമയത്ത് സൂര്യക്ക് ഹിറ്റുകൾ ലഭിച്ചിരുന്നില്ല. കാക്ക കാക്ക എന്ന സിനിമ തൊട്ടാണ് സൂര്യക്ക് കരിയർ ഗ്രാഫുയർന്നത്. പിന്നീട് ലഭിച്ച വമ്പൻ ഹിറ്റ് സിങ്കം ആണ്. അപ്പോഴേക്കും വിജയും അജിത്തും ഒരുപാട് ദൂരം മുന്നിലെത്തിയെന്നും ധനഞ്ജയൻ ചൂണ്ടിക്കാട്ടി. കരിയറിലെ മികച്ച സമയത്താണ് സൂര്യയിന്നുള്ളത്. സൂരറെെ പോട്ര്, ജയ് ഭീം തുടങ്ങിയ സിനിമകളിലൂടെ നടന്റെ ജനപ്രീതി വർധിച്ചിരിക്കുകയാണ്. സൂരറെെ പോട്രിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സൂര്യയെ തേടി വന്നു. കംഗുവയാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നടന്റെ സിനിമ. മറുവശത്ത് ജ്യോതികയും കരിയറിന്റെ തിരക്കുകളിലാണ്. മലയാളത്തിൽ കാതൽ എന്ന സിനിമയിൽ നടി അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകൻ.