അർജന്റീനിയൻ ആരാധകർക്ക് അഭിമാനമായി 2022 ഖത്തർ ലോകകപ്പിൽ മെസിയുടെ നീലപട കപ്പ് ഉയർത്തിയിരിക്കുകയാണ്. 36 വർഷങ്ങൾക്ക് ശേഷമാണ് അർജന്റീനയിലേക്ക് ലോകകപ്പ് എത്തുന്നത്. ഇന്നലെ ഖത്തർ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ശക്തരായ ഫ്രാൻസിനെ അർജന്റീന കീഴ്പ്പെടുത്തിയത്.
ചാമ്പ്യന്മാരെ പ്രശംസിച്ച് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ രംഗത്ത് വരുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ കിംഗ്‌ഖാൻ ഷാരൂഖ് സാമൂഹിക മാധ്യമത്തിൽ കുറിച്ച വാക്കുകളാണ് അർജന്റീന ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
“ലോകകപ്പിലെ എക്കാലത്തെയും മികച്ച ഫൈനൽ മത്സരങ്ങളുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. പണ്ട് ഒരു ചെറിയ ടിവിയിൽ അമ്മയ്‌ക്കൊപ്പം വേൾഡ് കപ്പ് കണ്ടത് ഞാൻ ഓർക്കുന്നു. ഇപ്പോൾ എന്റെ കുട്ടികൾക്കും അതേ ആവേശമാണ്!! ഒപ്പം കഴിവുകളിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും ഞങ്ങളെ എല്ലാവരെയും വിശ്വസിക്കാൻ പ്രേരിപ്പിച്ച മെസ്സിക്ക് നന്ദി” ഷാരുഖ് ഖാൻ ഫേസ്ബുക്കിൽ കുറിച്ചു.
അർജന്റീനയെ പ്രശംസിച്ച് മമ്മൂട്ടിയും മോഹൻലാലും രംഗത്ത് വന്നിരുന്നു. “എന്തൊരു രാത്രി ! എന്തൊരു മത്സരം. രോമാഞ്ച നിമിഷങ്ങൾ. ഒരുപക്ഷേ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്റെ ആവേശം. ലോകം കീഴടക്കിയ അര്‍ജന്റീനയ്ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങൾ’’ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
“‘‘ഉജ്ജ്വലമായ ഒരു ഫൈനല്‍. യോഗ്യരായ രണ്ട് എതിരാളികള്‍, അവരുടെ ഹൃദയം തുറന്ന് കളിച്ചു, ലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശകരമായ മത്സരം സമ്മാനിച്ചു. ആവേശത്തോടെ കളിച്ചു ജയിച്ച അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍. 36 വര്‍ഷത്തെ അധ്വാനവും കപ്പും ഒരിക്കല്‍ കൂടി നിങ്ങളുടേതാണ്.
ലിയോ മെസ്സി തന്റെ തീയതി വിധിക്കൊപ്പം സൂക്ഷിച്ചു, മഹത്വത്തില്‍ തലകുനിക്കും. ഗംഭീരമായ അവസാന നൃത്തം. ഇത്രയും യോഗ്യരായ എതിരാളികളായതിനും അവസാനം വരെ അവര്‍ നടത്തിയ മികച്ച പോരാട്ടത്തിനും കിലിയൻ എംബപെയ്ക്കും ഫ്രഞ്ച് ടീമിനും അഭിനന്ദനങ്ങള്‍. ത്രില്ലിന്റെ ഒരു സീസണിന് ഫിഫയ്ക്ക് നന്ദി, 2026 ല്‍ വീണ്ടും കാണാം.” എന്നായിരുന്നു മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.