എത്ര ഇടുങ്ങിയതും മോശവും ആണ് താങ്കളുടെ ആ സങ്കല്‍പം:- സുരേഷ് ഗോപിയെ വിമർശിച്ച് രശ്മിത രാമചന്ദ്രൻ

0
494

അവിശ്വാസികളുടെ സർവനാശത്തിന് വേണ്ടി ശ്രീകോവിലിന് മുന്നിൽ പോയിരുന്നു പ്രാർഥിക്കുമെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി പറഞ്ഞത് വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശിവരാത്രി ദിനത്തില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് സുരേഷ് ഗോപി വിവാദ പരാമർശം പരാമര്‍ശം നടത്തിയത്.

അവിശ്വാസികളോട് തനിക്ക് യാതൊരു സ്നേഹവുമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല, അവരുടെ സര്‍വ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചിരിക്കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

ഇപ്പോഴിതാ സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് അഭിഭാഷക രശ്മിത രാമചന്ദ്രൻ. അവിശ്വാസികൾ മുഴുവൻ നശിച്ചു പോകണമെന്ന് ആഗ്രഹിക്കുന്ന സുരേഷ് ഗോപിയുടെ ദൈവസങ്കൽപം ഇടുങ്ങിയതും മോശവുമാണ്. ആ സങ്കൽപത്തിൽ ദൈവത്തിന്റേയും ചെകുത്താന്റേയും പോർട്ട്ഫോളിയോ ഒന്നാണെന്ന് തോന്നുവെന്നും രശ്മിത ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

പ്രിയപ്പെട്ട സുരേഷ് ഗോപി ചേട്ടന്, ഒരു അവിശ്വാസിയുടെ, ഇനിയും വിശ്വാസങ്ങള്‍ ഒന്നും തെരഞ്ഞെടുത്തിട്ടില്ലാത്ത മകളോടൊപ്പം ഇന്നു രാവിലെ!

പ്രിയപ്പെട്ട സുരേഷ് ചേട്ടാ, നിങ്ങളുടെ പല സിനിമകളും ഇഷ്ടമുള്ള ഒരു അവിശ്വാസി ആണ് ഞാന്‍. നിങ്ങളുടെ സല്‍ക്കാര പ്രിയതയെ കുറിച്ച് പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന ഒരു ചങ്ങാതി പറഞ്ഞ് അറിഞ്ഞിട്ടുണ്ട്- നിങ്ങളെ ഇഷ്ടപ്പെടുന്ന കുറെ അധികം പേരെ എനിക്കറിയാം! ഇങ്ങനെ ഒക്കെയുള്ള നിങ്ങള്‍ അവിശ്വാസികള്‍ മുഴുവന്‍ നശിച്ചു പോകണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ എത്ര ഇടുങ്ങിയതും മോശവും ആണ് താങ്കളുടെ ആ ദൈവ സങ്കല്‍പം! ആപത്ത് ബാന്ധവനായ ദൈവം എന്നല്ലാതെ ആപത്ത് ഉണ്ടാകാന്‍ അള്ള് വയ്ക്കുന്ന ഒരു ദൈവം എന്ന സങ്കല്‍പ്പത്തിലുള്ള ഒരു വിശ്വാസം എത്ര അപകടകരമാണ്!

താങ്കളുടെ സങ്കല്‍പത്തില്‍ ദൈവത്തിന്റെയും ചെകുത്താന്റെയും പോര്‍ട്ട്‌ഫോളിയോ ഒന്നാണ് എന്ന് തോന്നുന്നു!. അങ്ങനെ എങ്കില്‍ ചിത്രത്തില്‍ താങ്കളുടെ ഒപ്പം നില്‍ക്കുന്ന ആ പെണ്‍കുട്ടി- എന്റെ മകള്‍- ആജീവനാന്തം സകല മനുഷ്യരെയും സ്‌നേഹിക്കുന്ന അവിശ്വാസി ആയി തുടരണം എന്നും ഒരു വിഭാഗം മനുഷ്യരെ വെറുക്കുന്ന വിശ്വാസി ആകരുത് എന്നും ഞാന്‍ ആഗ്രഹിക്കുന്നു!

ഒരു കൊച്ചു കുട്ടിയുടെ ഒപ്പം വാത്സല്യത്തോടെ പോസ് ചെയ്ത നന്മക്ക് നന്ദി ! ചേട്ടനും കുടുംബത്തിനും ഒരു അവിശ്വാസിയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍!,’

LEAVE A REPLY

Please enter your comment!
Please enter your name here