നിരവധി ആരാധകരെ സൃഷ്ടിച്ച നടിയാണ് മീന.ബാലതാരമായാണ് സിനിമയിൽ താരം എത്തിയത്.അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർസ്റ്റാറുകളൊടാെപ്പം ശ്രദ്ധേയ സിനിമകൾ മീനയ്ക്ക് ലഭിച്ചു. രജിനികാന്ത്, കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി, ചിരഞ്ജീവി, ബാലയ്യ തുടങ്ങിയ സൂപ്പർസ്റ്റാറുകൾക്കൊപ്പം ഏറ്റവും നല്ല സ്ക്രീൻ പ്രസൻസുള്ള നടി ഒരുകാലത്ത് മീനയായിരുന്നു.വിവാഹശേഷം നടി അഭിനയ രംഗത്ത് നിന്നും കുറച്ചുകാലം മാറിനിൽക്കുകയും ചെയ്തു. തിരിച്ചുവരവിൽ മീനയെ കൈ നീട്ടി സ്വീകരിച്ച മലയാള സിനിമയാണ്. ‘ദൃശ്യം’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ തുടങ്ങിയ ഹിറ്റ് സിനിമകൾ മീനയെ തേടി വന്നു. കഴിഞ്ഞ വർഷമാണ് മീനയുടെ ജീവിതത്തിൽ ദുഃഖകരമായ സംഭവങ്ങളുണ്ടായത്.അപ്രതീക്ഷിതമായി വന്ന ദുരന്തത്തിൽ സഹപ്രവർത്തകരെല്ലാം നടിക്കൊപ്പം നിന്നു. പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ് മീന. അടുത്തിടെയാണ് സിനിമാ രംഗത്ത് നടി 40 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം നടന്നത്.
ഈ സാഹചര്യത്തിൽ മീനയെക്കുറിച്ച് നടൻ രാജ്കിരൺ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 1991 ലിറങ്ങിയ എൻ ‘രാസാവിൻ മനസിലെ’ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ‘ഈ സിനിമയിലേക്ക് നായികയെ തേടിക്കൊണ്ടിരിക്കവെ ഒരു വാരികയിൽ മീനയുടെ ഫോട്ടോ കണ്ടു. ഇവർ നായികാ വേഷത്തിന് ചേരും, ഇതാരാണെന്ന് അന്വേഷിക്കാൻ സംവിധായകൻ കസ്തൂരി രാജയോട് ഞാൻ പറഞ്ഞു. ചെറിയ പെൺകുട്ടിയാണ് സർ എന്ന് സംവിധായകൻ പറഞ്ഞു. എന്നാൽ മീനയെ നായികയായി തീരുമാനിച്ചു. ഷൂട്ടിംഗ് അവസാനിക്കുന്നത് വരെ അവൾ എന്നോട് സംസാരിച്ചതേയില്ല. എന്നെ കണ്ട് ഭയന്നു. ഞാൻ പാവമാണെന്ന് പറഞ്ഞ് മനസ്സിലാക്കാൻ അമ്മ ശ്രമിച്ചിട്ടും മീനയുടെ ഭയം മാറിയില്ല’
‘മീന കഥാപാത്രമായി ജീവിച്ചതിനാലാണ് ആ സിനിമ വൻ വിജയമായത്. പതിനഞ്ച് വയസേ അന്നുള്ളൂ. ആ ചെറിയ പ്രായത്തിൽ അത്രയും വലിയ കഥാപാത്രം ചെയ്തത് ചെറിയ കാര്യമല്ല. ആ കാലഘട്ടങ്ങളിൽ ഇന്നത്തെ പോലെ കാരവാനൊന്നും ഇല്ല. അഞ്ചോ ആറോ ലൊക്കേഷനുകളിലാണ് ഗാനരംഗം ഷൂട്ട് ചെയ്യുക. അത്രയും കോസ്റ്റ്യൂമുകളും മാറണം. റോഡരികിൽ കാർ നിർത്തി കാറിന് പിന്നിൽ നിന്ന് വസ്ത്രം മാറി ഓടിവരും. ഇന്നാണെങ്കിൽ അങ്ങനെ സാധിക്കില്ല’,’അതിനുള്ള ധൈര്യം മീനയ്ക്ക് കൊടുത്തത് അമ്മയാണ്. ജോലിയോടുള്ള ബഹുമാനം അവർ മീനയെ പഠിപ്പിച്ചു,’ രാജ് കിരൺ പറഞ്ഞു.