മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന സിനിമ. ഈയടുത്താണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയായിരുന്നു പ്രഖ്യാപനം.
ചിത്രത്തിന്റെ ചിത്രീകരണം 2023 ജനുവരി 10ന് ആരംഭിക്കുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. രാജസ്ഥാനിലായിരുക്കും ആദ്യ ഷെഡ്യൂൾ. ആർഎസ്പി നേതാവ് ഷിബു ബേബി ജോണിൻ്റെ ഉടമസ്ഥതയിലുള്ള ജോൺ ആൻ്റ് മേരി ക്രിയേറ്റീവിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൽ ബോളിവുഡ് താരം രാധിക ആപ്‌തെ നായികയാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നടിയുമായി അണിയറ പ്രവത്തകർ ചർച്ചകൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ഫഹദ് ഫാസിൽ നായകനായ ‘ഹരം’ എന്ന ചിത്രത്തിലാണ് രാധിക മലയാളത്തിൽ അഭിനയിച്ചിട്ടുള്ളത്.
സെഞ്ച്വറി കൊച്ചുമോനും കെസി ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള (ബേബി മറൈൻ ഗ്രൂപ്പ്) മാക്സ് ലാബും ഈ ചിത്രത്തിൻ്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തിൽ ലോക്കൽ ഗുസ്തി പ്രമേയമാകുന്ന സിനിമയായിരിക്കും ഇതെന്നും നാടൻ ഗുണ്ടയായാണ് മോഹൻലാൽ ചിത്രത്തിലെത്തുകയെന്നുമാണ് റിപ്പോർട്ടുകൾ.
ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയാകും മോഹന്‍ലാല്‍ അവതരിപ്പിക്കുകയെന്ന സൂചനകളുണ്ട്. ‘മലക്കോട്ടൈ വാലിബന്‍’ എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.സിനിമയിൽ മോഹൻലാലിനൊപ്പം ചെമ്പൻ വിനോദ്, പെപ്പെ, ജോജു ജോർജ് എന്നിവരും ഒന്നിക്കുന്നുണ്ടെന്നാണ് സൂചന.
അതേസമയം മമ്മൂട്ടി ലിജോ കൂട്ടുകെട്ടിൽ പൂർത്തിയായ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന് ലിജോയുടെ തന്നെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ മൂവി മൊണാസ്ട്രിയുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം.