സാമൂഹിക മാധ്യമങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ ഷിജില കെ ശശിധരനെ കാണാൻ നേരിട്ടെത്തി നടൻ മോഹൻലാൽ. മോഹൻലാൽ ഫാൻസ് സംഘടനയായ എ.കെ.എം.എഫ്.സി.ഡബ്യൂ.എ കോഴിക്കോട് ജില്ല കമ്മിറ്റിയാണ് മോഹൻലാലിനെ നേരിട്ട് കാണണമെന്ന ഷിജിലയുടെ ആഗ്രഹം നിറവേറ്റിയത്.
നടൻ ബിനീഷ് ബാസ്റ്റിന്റെ ഫേസ്ബുക്ക് വഴി മോഹൻലാലിനെ കാണണമെന്ന ആഗ്രഹം ഷിജിലി പങ്കുവച്ചിരുന്നു. ഈ വീഡിയോ വൈറൽ ആയിരുന്നു. സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെയെന്നും. ഏത് വാക്കുകളിൽ വർണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിനെന്നും ഷിജിലി ഫേസ്ബുക്കിൽ കുറിച്ചു.
“സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെ. ഏത് വാക്കുകളിൽ വർണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിന്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്റെ ലാലേട്ടനൊപ്പം ഞാൻ ചിലവഴിച്ചു. എന്റെ ഏറ്റവും വലിയ ആഗ്രഹം, എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി.
കണ്ണുനിറയെ കണ്ടു ഞാൻ എന്റെ ലാലേട്ടനെ; ചേർത്ത് പിടിച്ചു എന്നെ ഏട്ടന്റെ കൈകൾ. കുറേ വിശേഷങ്ങൾ ചോദിച്ചു, മനസ് നിറയെ സ്നേഹം തന്നു. ഇനിയുള്ള കാലമത്രയും ഓർക്കാൻ എനിക്ക് ഈ നിമിഷങ്ങൾ മതി; എന്റെ ഏട്ടനെ ചേർന്ന് നിന്ന ഈ നിമിഷങ്ങൾ മാത്രം.
നന്ദി പറയാനുള്ളത് സർവ്വേശ്വരനോടാണ്. പിന്നെ കോഴിക്കോട്ടെ ലാലേട്ടൻ ഫാൻസിലെ എന്റെ പ്രിയപ്പെട്ട ഏട്ടൻമാരോടും. എന്റെ പ്രിയ സുഹൃത്ത് പ്രജിത്ത്, ടിന്റു ഏട്ടൻ, സുഗീതേട്ടൻ, സുഹാസേട്ടൻ, രാജൻ ചേട്ടൻ എല്ലാവർക്കും നൂറ് നൂറ് നന്ദി.” ഷിജിലി കുറിച്ചു.