പൃഥ്വിരാജ് നായകനാകുന്ന വിലായത്ത് ബുദ്ധയുടെ സെറ്റിൽ നിന്ന് മടങ്ങിയ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോടയിൽ വച്ച് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വാഹനത്തെ കുത്തിമറിച്ച കാട്ടാന കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. കാട്ടാനയെ കണ്ട ഡ്രൈവർ ഓടിരക്ഷപ്പെടുകയായിരുന്നു.
മറയൂരിലെ സെറ്റിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന ജീപ്പിന് നേരെയാണ് കാട്ടാന ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ സ്വപ്ന സിനിമയായിരുന്നു വിലായത്ത് ബുദ്ധ. ജിആർ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം പൃഥ്വിരാജിനെ നായകനാക്കിയാണ് സച്ചി ചെയ്യാനിരുന്നത്.
സച്ചിയുടെ ശിഷ്യൻ കൂടിയായ ജയൻ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി.ആർ. ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ. ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ജോമോൻ ടി. ജോണാണ് ഛായാഗ്രഹണം. മഹേഷ് നാരായണൻ എഡിറ്റിംഗും ജേക് സ് ബിജോയ് സംഗീത സംവിധാനവും ഒരുക്കുന്നു. മറയൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഉർവശി തിയേറ്റഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം. തോമസും ചേർന്നാണ് നിർമ്മാണം.
അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം കാപ്പ റിലീസിന് ഒരുങ്ങുകയാണ്. ജി ആർ ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കി തന്നെയാണ് കാപ്പയും ഒരുങ്ങുന്നത്.
കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Recent Comments