മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ച് സിപിഎം കുടുംബാംഗമായ തടത്തിൽ രഘു പറഞ്ഞ കാര്യമാണ് ഇപ്പോൾ വൈറലാവുന്നത്. കരൾ രോഗബാധിതനായി ജീവിതം കൈവിട്ടുപോകുമെന്ന ഘട്ടത്തിലാണ് കരൾമാറ്റ ശസ്ത്രക്രിയക്ക് 2015ൽ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി സഹായം നൽകിയത്.കാലിലും ശരീരത്തിലും നീര് വന്ന് വീർത്ത് കരൾ മാറ്റിവെക്കാതെ ജീവൻ നിലനിർത്താനാവില്ലെന്ന അവസ്ഥയായി. കരൾ നൽകാൻ ഭാര്യ കാർത്യായനി തയ്യാറായെങ്കിലും ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി വരുന്ന 23 ലക്ഷം രൂപ കണ്ടെത്തലായിരുന്നു പ്രതിസന്ധി. ദേവികയും അശ്വന്തുമെന്ന രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു തയ്യൽക്കാരനായിരുന്ന രഘു.
ഈ ദുരിതാവസ്ഥയിലാണ് ചികിത്സക്കായി ജനകീയ കമ്മിറ്റി രൂപീകരിച്ച് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജും ടിബി വിജയനും നിലമ്പൂർ നഗരസഭാ ചെയർമാനായിരുന്ന ആര്യാടൻ ഷൗക്കത്തിനടുത്തെത്തിയത്. അപ്പോൾതന്നെ ഷൗക്കത്ത് ഇവരെയും കൂട്ടി പിതാവും മന്ത്രിയുമായ ആര്യാടനടുത്തെത്തി. ആര്യാടൻ ഉടൻ ഉമ്മൻ ചാണ്ടിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. നമുക്ക് നോക്കാമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. ആര്യാടൻ ഉടൻതന്നെ ഇക്കാര്യങ്ങൾ വേഗത്തിലാക്കാൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എ ഗോപിനാഥിനെ ചുമതലപ്പെടുത്തി.
പരമാവധി അഞ്ചുലക്ഷം മാത്രം സഹായധനം നൽകാനാവൂ എന്ന ചട്ടം കടമ്പയായി. എന്നാൽ ഉമ്മൻ ചാണ്ടിയുടെ കരുണാർദ്രമായ ഇടപെടലിൽ രണ്ട് വകുപ്പുകളിലായി 10 ലക്ഷം അനുവദിച്ചു. ഈ തുക കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയതോടെ ശസ്ത്രക്രിയക്കായുള്ള ഒരുക്കം തുടങ്ങി. ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ ബ്ലോക്കിലെ സ്‌കൂൾ ഹെഡ്മാസ്റ്റർമാരുടെ യോഗം വിളിച്ച് ചികിത്സാ സഹായത്തിന് പണം സ്വരൂപിക്കാനുള്ള നടപടിയാരംഭിച്ചു. ചികിത്സക്കായി പണം സ്വരൂപിക്കാൻ ജനകീയ കമ്മിറ്റിയുമായി നാട്ടുകാരും രംഗത്തിറങ്ങി.സർക്കാർ അനുവദിച്ചതിന് പുറമെ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമുള്ള പണം സംഭാവനയായി ലഭിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് എട്ടുവർഷം പിന്നിടുമ്പോൾ രഘു വീട്ടിൽ തന്നെ തയ്യൽ ജോലികൾ ചെയ്ത് ജീവിക്കുന്നു. ഭാര്യ കാർത്യായനി അംഗൻവാടി അധ്യാപികയാണ്. മകൾ ദേവികയെ വിവാഹം കഴിച്ചയച്ചു. മകൻ അശ്വന്ത് ഗുജറാത്തിലെ ഭുജിൽ നാവികസേനയിലെ ജോലിക്കാരനാണ്.അന്ന് ഉമ്മൻ ചാണ്ടി കനിഞ്ഞില്ലായിരുന്നെങ്കിൽ തന്റെ ജീവനും കുടുംബത്തിന്റെ പ്രതീക്ഷകളും അസ്തമിക്കുമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിയോഗവാർത്തയുടെ വേദനയിൽനിന്നു രഘു മോചിതനായിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നെങ്കിൽ പുതുപ്പള്ളിയിൽ പോയി അവസാനമായി ഒരുനോക്ക് കാണാമായിരുന്നു.