HomeKeralaസുബിയുടെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടത് ഏറെ ഭാവിയുള്ള കലാകാരിയെ:- അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

സുബിയുടെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടത് ഏറെ ഭാവിയുള്ള കലാകാരിയെ:- അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

“ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ അനുശോചിക്കുന്നു. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി.

സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു.” മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രാവിലെയാണ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണം സംഭവിച്ചത്. സിനിമാ-സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി പരമ്പരയിലൂടെയാണ് സുബി സുരേഷ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് . നിരവധി വിദേശരാജ്യങ്ങളിൽ ഉൾപ്പടെ ഒട്ടനവധി വേദികളിലാണ് കോമഡി സ്കിറ്റുകളിലൂടെ സുബി കഴിവ് തെളിയിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു.

രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006-ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ. എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

RELATED ARTICLES

Most Popular

Recent Comments