ബിനു പപ്പു സംവിധായകനാകുന്നു. എക്കാലത്തെയും സ്വപ്നമാണ് സംവിധാനം എന്നും താൻ സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന്റെ എഴുത്തുജോലികൾ ആരംഭിച്ചിട്ടുണ്ട് എന്നും മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ബിനു പപ്പു വ്യക്തമാക്കി.
രണ്ട് വർഷങ്ങൾക്കുള്ളിൽ തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും ഏറ്റെടുത്ത പ്രോജക്ടുകൾ പൂർത്തിയാക്കിയ ശേഷം പൂർണമായും ഈ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇപ്പോൾ മറ്റൊരു സിനിമയ്ക്കുള്ള തിരക്കഥ എഴുതുകയാണ്. തരുൺ മൂർത്തിയാണ് സംവിധാനം. ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. അടുത്ത വർഷം ഓഗസ്റ്റോടെ ചിത്രീകരണം ആരംഭിക്കും,’ ബിനു പപ്പു കൂട്ടിച്ചേർത്തു.
ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് ബിനു പപ്പു. അതുല്യ നടൻ കുതിരവട്ടം പപ്പുവിന്റെ മകനായ ബിനു 2014ല്‍ പ്രദര്‍ശനത്തിനെത്തിയ ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.സലിം ബാബ സംവിധാനം ചെയ്ത ചിത്രത്തില്‍ ക്രിസ്റ്റിന് എന്ന കഥാപാത്രത്തെയാണ് ബിനു അവതരിപ്പിച്ചത്.
ആഷിക്ക് അബു സംവിധാനം ചെയ്ത ‘റാണി പത്മിനി’ എന്ന ചിത്രത്തിലൂടെയാണ് ബിനു സിനിമയില്‍ സജീവമാകുന്നത്. പുത്തന്‍പണം, സഖാവ്, പരോള്‍, കളം എന്നീ സിനിമകളിലും വേഷമിട്ടു.
തരുണ്‍ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഓപ്പറേഷൻ ജാവയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലുസിഫറിലും മമ്മൂട്ടിയുടെ വണ്ണിലും വേഷമുണ്ടായിരുന്നു. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ഗപ്പി എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Recent Comments