മലയാളികൾക്ക് ഏറെ സുപരിചിതനായ നടനും രാഷ്ട്രീയ പ്രവർത്തകനുമാണ് കൃഷ്ണകുമാർ. ചെറുതും വലുതുമായ പല വേഷങ്ങളും കൈകാര്യം ചെയ്ത് സിനിമയിൽ നിലയുറപ്പിച്ച നടൻ ബിജെപിയുടെ സജീവപ്രവർത്തകനാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നു എങ്കിലും കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെ കൃഷ്ണ കുമാറിന്റെ കുടുംബവിശേഷങ്ങളും മലയാളികൾക്ക് പരിചിതമാണ്. ഈയടുത്താണ് വലിയ പശു തൊഴുത്തിൽ നിന്ന് പശുക്കളോടൊപ്പമുള്ള ചിത്രങ്ങൾ കൃഷ്ണകുമാർ പങ്കുവെച്ചത്. ചിത്രങ്ങളും കുറിപ്പും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളിലും കൃഷ്ണകുമാറിന്റെ പോസ്റ്റ് നിറഞ്ഞു.
അത്തരം ട്രോളുകൾ തനിക്ക് ഇഷ്ടമാണെന്ന് പറയുകയാണ് കൃഷ്ണകുമാറിപ്പോൾ. “പശുക്കളേക്കാളും എനിക്കിഷ്ടം തോന്നിയത് ട്രോള്‍ ചെയ്ത സഹോദരങ്ങളെയാണ്. പാട്ടൊക്കെ എഴുതിയിട്ടുണ്ട്. ഇഷ്ടപ്പെട്ടു, ഇതെല്ലാം നമ്മളെ എന്‍ഗേജ്‌മെന്റ് ചെയ്യിക്കും. ‘‘ചേട്ടാ ചേട്ടന്‍ പശൂനെ കെട്ടിപ്പിടിക്കുന്നു, ഒരു മോള്‍ എഴുതിയിട്ടുണ്ട് ബീഫാണ് ഇഷ്ടമെന്ന്’’. അനിയാ ഞാനും ബീഫൊക്കെ കഴിച്ചിരുന്നയാളാണ്. പ്രായമൊക്കെ ആയില്ലേ, അതുകൊണ്ട് നിര്‍ത്തിയതാണ്.
ഈ രാജ്യത്ത് ബീഫൊന്നും നിരോധിച്ചിട്ടില്ല. ബീഫിനെക്കുറിച്ച് തെറ്റായ രീതികൾ പ്രചരണങ്ങൾ വന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടേത്. ഇനിയും നിങ്ങൾ പ്രതികരിക്കണം. എന്നെ കണ്ടാല്‍, ചേട്ടാ അന്ന് മറ്റേ തെറിയെഴുതിയത് ഞാനാണ് എന്ന് പറയണം. എനിക്കൊന്നും തോന്നില്ല, എനിക്കാരോടും ദേഷ്യമില്ല. എല്ലാത്തിനേയും വളരെ ലൈറ്റായി കാണാന്‍ ശ്രമിക്കുക.” കൃഷ്ണകുമാർ പ്രതികരിച്ചു.