ഒരു ലക്ഷം രൂപ വിജയ്ക്ക് പിഴ കോടതി വിധിച്ചു; സൂപ്പര്‍ ഹീറോ വെറും ‘റീല്‍ ഹീറോ’ ആയി മാറരുതെന്നും കോടതി

0

വിദേശ രാജ്യത്തു നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ്  കാറിനു പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്തായിരുന്നു വിജയ് സമര്‍പ്പിച്ച ഹര്‍ജി. ഒരു ലക്ഷം രൂപ വിജയ്ക്ക് പിഴ കോടതി വിധിച്ചു. രണ്ടാഴ്ചക്കുള്ളില്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.കോവിഡ് കാലത്ത് ലക്ഷങ്ങള്‍ കഷ്ടപ്പെടുന്ന വേളയില്‍ ഇത്തരമൊരു ഹര്‍ജിയുമായി എത്തിയതിന് വിജയിനെ കോടതി ശാസിക്കുകയും ചെയ്തു. സിനിമയിലെ സൂപ്പര്‍ ഹീറോ വെറും ‘റീല്‍ ഹീറോ’ ആയി മാറരുതെന്നും നികുതി കൃത്യമായി അടച്ച്‌ ആരാധക ലക്ഷങ്ങള്‍ക്കു മാതൃകയാകണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യത്തിന്റെ ഉത്തരവില്‍ പറയുന്നു. 2012ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ് കാര്‍. ആഡംബര കാറുകളുടെ ശേഖരം തന്നെ വിജയിക്കുണ്ട്. ഏറ്റവും അധികം ലക്ഷ്വറി കാറുകള്‍ വാങ്ങുന്നവരാണ് വിജയ് അടക്കമുള്ള സിനിമാക്കാര്‍.

വിജയ് കൈവശം വെച്ചിരിക്കുന്ന ഒരു റോള്‍സ് റോയ്സ് ഗോസ്റ്റ് എന്ന മോഡലിന്റെ വില ഏകദേശം 6 കോടിക്ക് അടുത്തുവരും. 129.7-ഇഞ്ചിന്റെ വീല്‍ ബസീയാണ് ഈ റോള്‍സ് റോയ്സ് കാറുകള്‍ക്ക് ഉള്ളത്. അതുപോലെ തന്നെയാണ് മലയാളത്തിന്റെ മഹാനടന്മാര്‍ മമ്മൂട്ടിയുടെ, മോഹന്‍ ലാലിന്റയും കാറുകളുടെ കളക്ഷനും എടുത്തുപറയേണ്ടതാണ്.നേരത്തെ തമിഴ് സൂപ്പര്‍താരം വിജയ് നികുതി വെട്ടിച്ചെന്ന ആരോപണത്തില്‍ പരാതിയും ലഭിച്ചിരുന്നു. പരിശോധനകള്‍ക്ക് ശേഷം വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതിവകുപ്പ് വ്യക്തമാക്കി. ബിഗില്‍, മാസ്റ്റര്‍ സിനിമകളുടെ പ്രതിഫലത്തിന് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. തുടര്‍ന്ന് വിജയ്‌യുടെ വീട്ടില്‍ ഐ.ടി വകുപ്പ് സീല്‍ ചെയ്ത മുറികള്‍ തുറന്നുകൊടുക്കുകയും ചെയ്തിരുന്നു.