‘അറിവിന്റെ ഒരു കടല്‍. ഞാന്‍ അതില്‍ നിന്ന് ഒരു തുള്ളിയെങ്കിലും വായിക്കണം’ ചിത്രം പങ്കുവെച്ച് മമ്മൂട്ടി.

0

ഇന്‍സ്റ്റഗ്രാമില്‍ മലയാളികളുടെ പ്രിയതാരം മമ്മൂട്ടി പങ്കുവെച്ച ഫോട്ടോ വൈറലാവുന്നു. മമ്മൂട്ടി തന്നെ സ്വയം എടുത്ത ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു ബുക്ക് ഷെല്‍ഫിനടുത്ത് നില്‍ക്കുന്ന പടമാണ് മമ്മൂട്ടി പങ്കുവച്ചിട്ടുള്ളത്. ഒരു വശത്തേക്ക് ചരിഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ജനലിലൂടെ വെയിലേല്‍ക്കുന്നതായി കാണാം. ഇരുട്ടും വെളിച്ചവും ചേര്‍ന്നുകൊണ്ടുള്ള ചിത്രത്തില്‍ കുറച്ച്‌ താടി നീണ്ട് കണ്ണട ധരിച്ച്‌ നീല ഷർട്ടും ജീന്‍സും ധരിച്ചുകൊണ്ടുള്ള ഗെറ്റപ്പിലാണ് താരത്തെ കാണാനാവുന്നത്. ‘അറിവിന്റെ ഒരു കടല്‍. ഞാന്‍ അതില്‍ നിന്ന് ഒരു തുള്ളിയെങ്കിലും വായിക്കണം’ എന്നാണ് മമ്മൂട്ടി ചിത്രത്തിന് നല്‍കിയ ക്യാപ്ഷൻ. പുതിയ ഫോട്ടോയുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ നിരവധി പോസ്റ്റുകള്‍ വന്ന് കഴിഞ്ഞു.

 

കഴിഞ്ഞ ദിവസം താരം പങ്കെടുത്ത ഒരു കല്യാണത്തിന്റെ ഫോട്ടോയും വൈറലായിരുന്നു.‘സെൽഫ് പോട്രെയ്റ്റ്’ എന്ന ഹാഷ്ടാഗോട് കൂടിയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.അതേസമയം വണ്‍ എന്ന സന്തോഷ്‌ വിശ്വനാഥ് ചിത്രമാണ് അവസാനമായി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്‌ലിക്‌സിലും റിലീസ് ചെയ്തിരുന്നു.കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പ് അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വത്തിന്റെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. ചിത്രത്തില്‍ സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം ഒരു ഗാങ്സ്റ്റര്‍ സിനിമയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അമല്‍ നീരദും ദേവദത്ത് ഷാജിയുമാണ്. ആര്‍ ജെ മുരുകനാണ് സംഭാഷണ സഹായി. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്. സംഗീത സംവിധാനം സുഷിന്‍ ശ്യാം.ലോക്ക്ഡൗൺ കാലത്ത് മമ്മൂട്ടിയുടെ ഫോട്ടോകൾ ഏറെ ജനപ്രിയമായിട്ടുണ്ട്. ഏതാനും മാസം മുമ്പ് അദ്ദേഹം നീട്ടി വളർത്തിയ താടിയും മുടിയുമുള്ള ലുക്കിലുള്ള ചിത്രം പങ്കുവച്ചിരുന്നു. മുടി അലസമായി മുന്നിലേക്ക് വീണ് കിടക്കുന്ന ലുക്കിലായിരുന്നു ചിത്രങ്ങൾ. അടുത്തിടെ തന്റെ പഴയ കാലം ഓര്‍മിപ്പിച്ചുകൊണ്ടുള്ള ഒരു ചിത്രം മമ്മൂട്ടി പങ്കുവച്ചിരുന്നു. ആദ്യമായി ചെറിയ വേഷത്തില്‍ മുഖം കാണിച്ച ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിലെ ഓര്‍മകളാണ് താരം അന്ന് പങ്കുവച്ചത്. പ്രേക്ഷകര്‍ മമ്മൂട്ടിയെ ആദ്യം സ്ക്രീനില്‍ കണ്ട ആ നിമിഷത്തെ കുറിച്ചായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.