കേരളം എന്ന സുമ്മാവ ; മലയാളികൾ ഒന്നിച്ചപ്പോൾ നമ്മുടെ കുഞ്ഞു മുഹമ്മദിന് ലഭിച്ചു ചികിത്സയ്ക്കുള്ള 18 കോടി

0

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും ഏറെ നിറഞ്ഞു നിന്ന ഒരു പേരായിരുന്നു മുഹമ്മദ്. സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും മാത്രമല്ല, ഓരോ മലയാളികളുടെയും പ്രാർത്ഥന കൂടി ആയിരുന്നു മുഹമ്മദ്. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതക വൈകല്യം ബാധിച്ചിരിക്കുകയായിരുന്നു മുഹമ്മദ്. കണ്ണൂര്‍ പഴയങ്ങാടിയിലെ ഒന്നര വയസുകാരന്‍ മുഹമ്മദിന്റെ വൈകല്യത്തിന് മരുന്ന് വാങ്ങാൻ വേണ്ടി ഒരു മാസം കൊണ്ട് 18 കോടി രൂപ ആയിരുന്നു മുഹമ്മദിനും കുടുംബത്തിനും ആവിശ്യം. ഈ ഒന്നരവയസ്സുകാരനായി മലയാളികൾ ഒന്നായാണ് കൈകോർത്തത്. ഒരു മാസം കൊണ്ട് വേണ്ടിയിരുന്ന 18 കോടി ഒരാഴ്ച കൊണ്ടാണ് മുഹമ്മദിന് ലഭിച്ചിരിക്കുന്നത്. പണം ലഭിച്ച വിവരം മുഹമ്മദിന്റെ അച്ഛൻ ആണ് അറിയിച്ചത്. ഇനിയാരും പണം അയക്കേണ്ടതില്ലെന്നും മുഹമ്മദിന്റെ അച്ഛൻ അറിയിച്ചു.

ഇത്ര വലിയ തുക, ഇത്ര വേഗം എന്നത് പലരുടെയും സ്വപ്നം മാത്രമായിരുന്നു. അതിനാണ് കേരളം മറുപടി നൽകിയത്. മരുന്ന് എത്തിക്കാനുള്ള നീക്കം ഉടൻ തുടങ്ങുമെന്ന് എം.വിജിൻ എംഎൽഎയും ഉറപ്പു നൽകി. പതിനായിരത്തിലൊരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമാണ് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് മുഹമ്മദ് ഇപ്പോൾ. മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് മുഹമ്മദിനും രോഗം സ്ഥിതീകരിച്ചത്. പ്രവാസിയായ മുഹമ്മദിന്റെ അച്ഛൻ നാട്ടിൽ വന്നപ്പോൾ കുഞ്ഞിന് എന്തോ കുഴപ്പമുള്ളതുപോലെ തോന്നി ആശുപത്രിയിൽ കാണിച്ചപ്പോഴാണ് രോഗം തിരിച്ചറിയുന്നത്. സഹോദരിക്ക് പുറമെ മുഹമ്മദിനും ഈ രോഗം സ്ഥിതീകരിച്ചതോടെ എന്ത് ചെയ്യണം എന്നറിയാത്ത സാഹചര്യത്തിലായിരുന്നു മുഹമ്മദിന്റെ കുടുംബം. അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ മരുന്നിന്റെ ഒരു ഡോസിന് 18 കോടി രൂപയാണ് വില. എന്നാല്‍ ഇത്രയും വലിയ തുക താങ്ങാനാവാതെ ദുരിതത്തിലായിരുന്നു കുടുംബം.

പല മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുത്തതിനെ തുടർന്ന് കേരളത്തിലെ യുവജനത മുഹമ്മദിന്റെ ചികിത്സയ്ക്കായുള്ള പൈസ സങ്കടിയിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു. ക്ലബ് ഹൌസ് പോലെയുള്ള സമൂഹ മാധ്യമങ്ങൾ വഴി നിരവധി പേരുടെ കയ്യിൽ നിന്നും ചെറിയ തുകകൾ ശേഖരിച്ച് മുഹമ്മദിന്റെ ചികിത്സയ്ക്കായി അയച്ചുകൊടുത്തതിലൂടെയാണ് ഇത്രയും വലിയ തുക ഒരാഴ്ച കൊണ്ട് നേടാനായത്. ചൊവ്വാഴ്ച ആരോഗ്യമന്ത്രിയുമായി ബന്ധപ്പെട്ട് മരുന്ന് എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വിജിൻ പറഞ്ഞു. ഫിറോസ് കുന്നംപറമ്പിൽ അടക്കമുള്ള സാമൂഹിക പ്രവർത്തകരെ ബന്ധപ്പെട്ടെങ്കിലും ഇത്ര വലിയ തുക എങ്ങനെ കണ്ടെത്തും എന്ന ആശങ്ക അദ്ദേഹം പങ്കുവച്ചെന്നും ബന്ധു പറയുന്നു.