25 മുതൽ 75 വയസ്സുവരെ ഒറ്റ ചിത്രത്തിൽ ; മാലിക്കിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

0

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആക്സംക്ഷയോടെയും കാത്തിരിക്കുന്ന ഫഹദ് ഫാസിൽ മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ആണ് മാലിക്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് കുറെ നാളുകളായി നീണ്ടു പോവുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ആമസോൺ പ്രൈം വീഡിയോയിലൂടെ ജൂലായ് പതിനഞ്ചിന് ചിത്രത്തെ റിലീസിന് എത്തും. നേരത്തെ പെരുന്നാൾ റിലീസായി ചിത്രം പ്രഖ്യാപിച്ചെങ്കിലും കോവിഡ് രൂക്ഷമായതോടെ തീയറ്ററുകൾ വീണ്ടും അടച്ചിടേണ്ട സാഹചര്യമുണ്ടായി. ഫഹദിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലൊരുങ്ങുന്ന പിരീഡ് ത്രില്ലര്‍ ചിത്രമാണ് മാലിക്. 27 കോടിയോളം ബഡ്ജറ്റിൽ ഒരുങ്ങുന്ന മാലിക് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിർമ്മിച്ചത്.

സിനിമയ്ക്ക് വേണ്ടി ഫഹദ് ഫാസില്‍ 20 കിലോയോളം ഭാരം ആണ് കുറച്ചത്. മാലിക് ലൊക്കേഷനില്‍ നിന്ന് പുറത്തുവന്ന ഫഹദിന്റെ മെലിഞ്ഞ ഗെറ്റപ്പിലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മാലിക്കിൽ ഫഹദിനോടൊപ്പം ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, മീനാക്ഷി, ചന്ദുനാഥ് എന്നിവരും വേഷമിടുന്നുണ്ട്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ആമസോൺ പ്രൈം വീഡിയോ പോലുള്ള പോപ്പുലർ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ സിനിമ റിലീസ് ചെയ്യുന്നത് ഗ്ലോബൽ ഓഡിയൻസിന് മുന്നിൽ സിനിമ കാണിക്കാനുള്ള വലിയ അവസരമായിരിക്കുമെന്ന് സിനിമയുടെ സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു. ഫഹദിന്റെ കഥാപാത്രത്തിന്റെ 25 വയസ്സ് മുതൽ 75 വയസ്സ് വരെയുള്ള ജൈത്രയാത്രയാണ് സിനിമയിൽ കാണിക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകൾ നിറവേറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നുതായി സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള ആമസോൺ പ്രൈമിന്റെ അറിയിപ്പിൽ സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു.

 


ഒരു നാടിന്റെ വളര്‍ച്ച നോക്കിക്കാണാന്‍ കഴിയുന്ന ഒരു വ്യക്തിയുടെ കഥയാണ് മാലിക് പറയുന്നത്.’ മാലികിന്റെ കഥ വല്ലാതെ ഇഷ്ടപ്പെട്ടുപോയിരുന്നു. പല പ്രായത്തിലുളള ഗെറ്റപ്പുകളിലേയ്ക്ക് എത്തുക എന്നത് ബുദ്ധിമുട്ടേറിയതായിരുന്നു. ആദ്യമായിട്ടാണ് ഒരു കഥാപാത്രത്തിന് വേണ്ടി ശാരീരികമായി ഇത്തരം തയ്യാറെടുപ്പുകള്‍ എടുക്കുന്നത്. പൊതുവെ ഒരുപാട് മേക്കപ് ഇടേണ്ടി വരുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ് പതിവ്. എന്നാല്‍ മാലിക് എന്ന കഥയോടുളള ഇഷ്ടം തന്നെ പിടിച്ചുനിര്‍ത്തി. തന്റെ ഗ്രാന്റ് ഫാദറിന്റെ ഒരു പഴയ ചിത്രത്തില്‍ നിന്നാണ് മാലിക്കിന്റെ രൂപം ഉണ്ടാകുന്നത്’ ചിത്രത്തെ കുറിച്ച് ഫഹദ് പറയുന്നതിങ്ങനെ.