Social Media

‘ആശുപത്രിയിലെത്തിയ ആദ്യ ദിവസം തന്നെ മരണത്തെ മുഖമുഖം കണ്ടു ‘; ആരും നിസാരമായി കാണരുത്! കോവിഡ് അനുഭവം പങ്കുവെച്ച് ബീന ആന്റണി!

കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിച്ച് രണ്ടു ദിവസം മുൻപാണ് സിനിമ-സീരിയൽ താരം ബീന ആന്റണി പൂർണ്ണ ആരോഗ്യത്തോടെ വീട്ടിലേക്ക് തിരികെ എത്തിയത്. ബീന ആന്റണിക്ക് രോഗം പിടിപെട്ട് എന്ന വിവരം ഭർത്താവും അഭിനേതാവുമായ മനോജ് കുമാർ ആണ് സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവച്ചത്. തുടർന്ന് മനോജ് തന്നെയാണ് ബീനയുടെ അസുഖം ഭേദമായ വിവരവും വീഡിയോയിലൂടെ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കിട്ടത്. ഇന്നിപ്പോൾ താൻ കടന്നുപോയ വഴികളെക്കുറിച്ച് ബീന ആന്റണി തന്നെ മനസ്സ് തുറക്കുകയാണ്. തെസ്നിഖാന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരം ഇത്ര ദിവസം അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് ബീന പറഞ്ഞിരിക്കുന്നത്. ബീന വീഡിയോയിൽ പറഞ്ഞത് ഇപ്രകാരമായിരുന്നു.

”എല്ലാവരോടും ഒരുപാട് ഒരുപാട് നന്ദി. ശരിക്കും പറഞ്ഞാല്‍ വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോയത്. ശ്വാസമൊക്കെ നന്നായി എടുക്കാൻ സാധിക്കുന്നുണ്ട്. ഇതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇതുവരെ പറഞ്ഞു കേട്ട അറിവുകളേ ഉണ്ടായിരുന്നുള്ളൂ. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല. ഇത്രയും നാൾ ആശുപത്രിയിലും കിടന്നിട്ടില്ല. പുതിയൊരു ഷൂട്ടുമായി ബന്ധപ്പെട്ട് എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് കോവിഡ് ബാധിക്കുന്നത്. തളർച്ച തോന്നിയപ്പോൾ തന്നെ കാര്യം മനസ്സിലായി. വീട്ടിലിരുന്ന് റെസ്റ്റ് എടുക്കാൻ തീരുമാനിച്ചു. അങ്ങനെ വീട്ടിൽ ആറേഴ് ദിവസം ഇരുന്നു. പക്ഷേ പനി വിട്ടുമാറുന്നുണ്ടായിരുന്നില്ല. എന്നാലും ആശുപത്രിയിലേക്ക് പോകേണ്ട എന്ന് തോന്നി. അത് ഏറ്റവും വലിയ തെറ്റായിപ്പോയി. പനി വിട്ടുമാറുന്നില്ലെങ്കിൽ ആശുപത്രിയിൽ പോകണമെന്ന് ബന്ധുക്കളും നിർബന്ധിച്ചു. ഡോക്ടറുമായി സംസാരിച്ച് അഡ്മിഷൻ റെഡിയാക്കിയിട്ടും പോകാൻ മടിച്ചു. പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുമായിരുന്നു. അതിലെ റീഡിങ് 90ൽ താഴെയായപ്പോൾ, ശ്വാസം കിട്ടാത്ത അവസ്ഥയിലായി. ഒരു സ്റ്റെപ്പ് വച്ചാൽ പോലും തളർന്നു പോകുന്ന അവസ്ഥ.

അതിനുശേഷമാണ് ഇഎംസി ആശുപത്രിയിൽ പ്രവേശിച്ചത്. ഡോക്ടർമാരും നഴ്സുമാരും നല്ല കെയർ തന്നു. അവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഞാൻ അവിടെ ഒറ്റയ്ക്കാണെന്ന് ഒരിക്കല്‍ പോലും തോന്നിയില്ല. അതുകൊണ്ട് പെട്ടെന്ന് രോഗമുക്തി നേടാൻ പറ്റി. ആശുപത്രിയിലെത്തിയ ആദ്യം ദിവസം തന്നെ മരണത്തെ മുഖാമുഖം കണ്ടു. ശ്വാസം കിട്ടാത്ത അവസ്ഥ വന്നു. രണ്ടുദിവസം ഓക്സിജൻ മാസ്ക് ധരിച്ചായിരുന്നു മുന്നോട്ടുപോയത്. ഇതിനിടെ ന്യുമോണിയ വല്ലാതെ ബാധിച്ചിട്ടുണ്ടായിരുന്നു. പക്ഷെ ഇക്കാര്യം ആരും എന്നെ അറിയിച്ചിരുന്നില്ല. മനു (ഭർത്താവ് മനോജ്) നൽകിയ ധൈര്യം, പ്രാർത്ഥനയും തുണയായി. ‌എന്തുമാത്രം എല്ലാവരും എന്നെ സ്നേഹിക്കുന്നുവെന്ന് മനസിലാക്കാൻ ആ സമയത്ത് കഴിഞ്ഞു. ലോകത്തിന്റെ എല്ലാകോണുകളിൽ നിന്നും ഞങ്ങളെ വിളിച്ച് സുഖവിവരം അന്വേഷിച്ചു. ദൈവം കൂടെ ഉണ്ടായി. രണ്ട് ദിവസം കൊണ്ട് ഓക്സിജൻ മാസ്ക് മാറ്റാൻ കഴിഞ്ഞത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഡോക്ടർ പറഞ്ഞു.

ഡോക്ടർ സ്മിത വന്ന് എന്നോടു പറഞ്ഞു, ഇതൊരു അതിശയമാണെന്ന്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ മുതൽ എല്ലാവരോടും നന്ദി പറയുന്നു. 8, 9 ദിവസം പിപിഇ കിറ്റ് ഇട്ട് നഴ്സുമാരും ജീവനക്കാരും 24 മണിക്കൂറും നമുക്കായി ഓടിനടക്കുന്നു. അവരുടെ കുടുംബങ്ങൾക്ക് നല്ലതുണ്ടാവട്ടെ. കോവിഡ് ബാധിച്ച എല്ലാവരെയും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. കോവിഡ് ആരും നിസാരമായി എടുക്കരുത്. രണ്ട് വർഷമായി എല്ലാവരുടെയും ജീവിതം പ്രയാസകരമാണ്. ഈ സമയത്ത് ‘അമ്മ’ എന്ന സംഘടനയെ കുറിച്ച് പറയാതിരിക്കാൻ വയ്യ. അസുഖബാധിതയായ ഉടൻ ഇടവേള ബാബുവിനെ വിളിച്ചു. ലാലേട്ടന്റെയും മമ്മൂക്കയുടെയും മെസേജ് വന്നു. ഒരുപാട് ധൈര്യം നൽകി. ആത്മവിശ്വാസം നൽകി. പറയാതിരിക്കാൻ വയ്യ. ആശുപത്രിയിൽ വലിയൊരു തുകയായി. പക്ഷേ ‘അമ്മ’യുടെ മെഡി ക്ലെയിം ഉള്ളതിനാൽ കൈയിൽ നിന്ന് ചെറിയ തുകയേ ആയുള്ളൂ. ആദ്യമായാണ് ഞാൻ ഈ തുക ഉപയോഗിക്കുന്നത്.

‘അമ്മ’ ഒപ്പമുണ്ടായിരുന്നത് എന്തുമാത്രം സഹായകരമാണെന്ന് ആ നിമിഷം മനസ്സിലാക്കി. എത്ര നന്ദി പറഞ്ഞാലും തീരില്ല. ഒരുപാട് നടന്മാരും നടിമാരും വിളിച്ച് സുഖവിവരം അന്വേഷിച്ചു. ഈ ഘട്ടത്തിൽ മനസിലാക്കുകയാണ് എല്ലാവരുടെയും സ്നേഹം. സുരേഷേട്ടൻ, സിദ്ദിഖിക്ക, പാർവതി ചേച്ചി (ജയറാം), ഹരിശ്രീ അശോകേട്ടൻ അങ്ങനെ ഒരുപാട് പേർ. മനുവിനും കൊച്ചിനും പൂർണപിന്തുണയുമായി ഒപ്പമുണ്ടായിരുന്ന സഹോദരങ്ങൾക്കും കുടുംബത്തിനും … എല്ലാവർക്കും നന്ദി പറയുന്നു. ഇപ്പോൾ ഒരാഴ്ച ഹോം ക്വാറന്റീനിലാണ്. അതുകഴിഞ്ഞ് എല്ലാവരുമായി ഒന്നിച്ച് നിങ്ങളെ കാണാൻ വരും. ദൈവം ഒപ്പമുണ്ടായിരുന്നു. എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ലോകത്തിന് മുഴുവൻ നന്മ വരട്ടെ. കോവിഡ് ലോകത്ത് നിന്നുതന്നെ മാറി പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. നന്ദി”.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top