‘പ്രഭുദേവ വന്നതോടെ എന്റെ ആപ്പീസ് പൂട്ടി’ ; വൈറലായി ശോഭനയുടെ വാക്കുകൾ !

0

മലയാളികളുടെ എക്കാലത്തെയും താരസുന്ദരിയാണ് ശോഭന. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മലയാളികളെ അമ്പരപ്പിച്ചിട്ടുള്ള മറ്റൊരു നടി ഇല്ല. നാഗവല്ലിയായും മറ്റുമുള്ള ശോഭനയുടെ വേഷപ്പകർച്ച ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കികണ്ടത്. ഏത് കഥാപാത്രത്തിനും തന്റേതായ ശൈലിയിൽ ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽജീവൻ കൊടുക്കുവാൻ ശോഭനയ്ക്ക് സാധിച്ചിട്ടുണ്ട്. തന്നെ വിശ്വസിച്ച് നൽകുന്ന ഏതൊരു കഥാപാത്രവും ശോഭനയുടെ കൈകളിൽ സുരക്ഷിതമാണ്. അതുകൊണ്ട് തന്നെയാണ് കാലം ഇത്ര കഴിഞ്ഞും നാഗവല്ലിയെ ജനങ്ങൾ മറക്കാതിരിയ്ക്കുന്നത്.

വര്ഷങ്ങളായി അഭിനയജീവിതത്തിൽ നിന്നും ഇടവേള എടുത്ത താരം വരനെ ആവശ്യമുണ്ട് എന്ന ദുൽഖർ സൽമാൻ ചലച്ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തെങ്കിലും നൃത്തവേദികളിൽ താരം സജീവമായിരുന്നു. തന്റെ നൃത്ത വിഡിയോകളും. കുട്ടികൾക്ക് നൃത്തം പാടിപ്പിച്ച് കൊടുക്കുന്ന വിഡിയോകളുമായി ശോഭന സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇന്നിപ്പോൾ ചർച്ചയായിരിയ്ക്കുന്നത് ശോഭനയുമായി നടന്ന ഒരു അഭിമുഖമാണ്.

ലോക നൃത്ത ദിനത്തോടനുബന്ധിച്ചാണ് ഈ അഭിമുഖം നടന്നിരിയ്ക്കുന്നത്. നർത്തകി പ്രിയദർശിനി ഗോവിന്ദുമായി നടന്ന അഭിമുഖത്തിൽ സിനിമയിലെ നൃത്തത്തെ കുറിച്ചാണ് താരം പറഞ്ഞിരിയ്ക്കുന്നത്.” ആ സമയത്ത് സിനിമയും നൃത്തവും ഒരുമിച്ച് കൊണ്ടുപോകുക ബുദ്ധിമുട്ടായിരുന്നു. നൃത്ത സാധനയുടെ ഒരു കായികവശമായിരുന്നു ആദ്യ തടസം. സിനിമാ ഷൂട്ടിംഗ് സമയങ്ങളിൽ പ്രാക്ടീസ് ബുദ്ധിമുട്ടായിരുന്നു. ഗ്രാമങ്ങളിലെ ഷൂട്ടുകൾക്കായി പലപ്പോഴും ലോഡ്ജുകളിലാണ് താമസിച്ചിരുന്നത്. നീണ്ട മണിക്കൂറുകളുടെ ചിത്രീകരണം കഴിഞ്ഞ് മുറിയിലെത്തി പ്രാക്ടീസ് ചെയ്യുക എന്നാല്‍ പ്രയാസമാണ്. എന്നാൽ, അതിനൊന്നും ഞാൻ മുടക്കം വരുത്തിയിരുന്നില്ല.

രണ്ട് ശൈലിയില്‍ ഉള്ള നൃത്തം ചെയ്യുന്നത് ഏറെ പ്രയാസകരമായി തോന്നിയിരുന്നു. പാശ്ചാത്യ നൃത്തത്തിന്റെ സ്വാധീനം അന്ന് കുറവായിരുന്നെങ്കിലും എണ്‍പതുകളില്‍ ക്ലാസിക്കല്‍ നൃത്തം സിനിമയില്‍ നിന്ന് പുറത്ത് പോയിരുന്നു. അതിനിടയിലാണ് ഫിലിം ഡാൻസ് എന്ന ആശയത്തെ തന്നെ പൊളിച്ചെഴുതി പ്രഭുദേവയുടെ വരവ്. പ്രഭുദേവയുടെ അച്ഛൻ സുന്ദരം മാസ്റ്റര്‍ക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഗോപികൃഷ്ണയുടെ ശിഷ്യനായ തങ്കപ്പന്‍ മാസ്റ്ററുടെ ശിഷ്യനായിരുന്നു സുന്ദരം മാസ്റ്റർ. അതുകൊണ്ടു തന്നെ സുന്ദരം മാസ്റ്ററുടെ നൃത്തത്തിൽ ക്ലാസിക്കല്‍ രീതിയിലുടെ ചില അംശങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ പ്രഭുദേവ വന്ന് എല്ലാം തിരുത്തി. അതോടെയാണ് സിനിമ നൃത്തം സംബന്ധിച്ച് എന്റെ ആപ്പീസ് പൂര്‍ണമായും പൂട്ടി പോയത്.”ഇങ്ങനെയായിരുന്നു ശോഭനയുടെ വാക്കുകൾ.