‘അങ്ങനെ വേണം’ വരികൾക്ക് പിന്നിലെ കാരണം വ്യക്തമാക്കി ഗാനരചയിതാവ്; ഗാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

0

സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തുകൊണ്ടിരിയ്ക്കുകയാണ് ആര്യ ദയാലിന്റെ പുതിയ മ്യൂസിക്കൽ ആൽബം ‘അങ്ങനെ വേണം’. ഒരു സ്ത്രീയ്ക്ക് സമൂഹത്തോട് പറയുവാനുള്ള ഓരോ കാര്യങ്ങളും അക്കമിട്ട് നിരത്തിയാണ് ഗാനം മുന്നോട്ട് പോകുന്നത്. ആര്യ ദയാൽ പാടി അഭിനയിച്ച ഗാനത്തിന്റെ വരികളാണ് ഇതിലെ പ്രധാന ആകർഷണം. ആ വരികൾ എഴുതിയിരിയ്ക്കുന്നത് ഗാനരചയിതാവും എഴുത്തുകാരിയും കൂടിയായ ശശികല മേനോനാണ്. ഈ ഗാനം ഇത്രയുമധികം വൈറൽ ആയികൊണ്ടിരിയ്ക്കുന്ന ഈ സാഹചര്യത്തിൽ ഈ പാട്ടെഴുതാനുള്ള കാരണങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് ശശികല ഇപ്പോൾ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശശികല ഇക്കാര്യങ്ങൾ വ്യകത്മാക്കിയത്.

“വനിതശിശുക്ഷേമ വകുപ്പിനു വേണ്ടി ഇത്തരമൊരു പാട്ടൊരുക്കാമോ എന്ന് ആര്യയോട് അവർ ആവശ്യപ്പെട്ടപ്പോൾ വരികൾ എഴുതാമോ എന്ന് ചോദിച്ച് ആര്യ എന്റെയടുത്തെത്തി. ആര്യ എന്റെ മകളുടെ കൂട്ടുകാരിയാണ്. വ്യക്തി സ്വാതന്ത്രമാണ് പാട്ടിന്റെ വിഷയമെന്നും എല്ലാത്തിനോടും അരുത് പറയുന്ന ഒരു കാലഘട്ടത്തിനെതിരെയുള്ള പാട്ടാവണമെന്നും ആര്യ പറഞ്ഞു. ആര്യയുടെ ആ വാചകത്തിൽ നിന്നും ഒരു 20 മിനിറ്റ് കൊണ്ട് ഞാനാ പാട്ടെഴുതി തീർത്തു, ഞാനും ഒരു ഒമ്പതാം ക്ലാസ്സുവരെ മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം ഒരു കുഗ്രാമത്തിലാണ് പഠിച്ചത്. അരുതുകൾ മാത്രമായിരുന്നു അന്ന് ജീവിതത്തിൽ. ‘തൊട്ടതിനൊക്കെയും അശ്രീകരം ചൊല്ലി ചിട്ട പഠിപ്പിച്ച മുത്തശ്ശനെ കുറിച്ചു’ ഞാൻ മുൻപും എഴുതിയിട്ടുണ്ട്. ആ കാലത്ത് എനിക്കൊരുപാട് പറയാനുണ്ടായിരുന്നു, സ്വപ്നങ്ങളുമുണ്ടായിരുന്നു, പക്ഷേ മിണ്ടാൻ പറ്റില്ലായിരുന്നു. പക്ഷേ ഇപ്പോൾ കാലം മാറിയില്ലേ?”. ഇങ്ങനെയായിരുന്നു ശശികലയുടെ വാക്കുകൾ.

ദിവസങ്ങൾക്കുള്ളിൽ തന്നെ വൈറൽ ആയ ഗാനം ഇതിനോടകം തന്നെ പലരുടെയും വാട്സാപ്പ് സ്റ്റാറ്റസുകൾ വരെ കൈയ്യടക്കി കഴിഞ്ഞിരിയ്ക്കുകയാണ്. സമൂഹമാധ്യമങ്ങളുടെ മുഴുവൻ കൈയടിയും ഏറ്റുവാങ്ങിയാണ് ‘ അങ്ങനെ വേണം ‘ മുന്നോട്ട് പോയികൊണ്ടിരിയ്ക്കുന്നത്.