HomeFilm Newsഎംടിയുടെ ഓളവും തീരവും, മോഹൻലാലിന് പ്രതിനായകനാകാൻ ഹരീഷ് പേരടി

എംടിയുടെ ഓളവും തീരവും, മോഹൻലാലിന് പ്രതിനായകനാകാൻ ഹരീഷ് പേരടി

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ എംടി വാസുദേവൻ നായരുടെ ഓളവും തീരവും എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ വില്ലനാകാൻ ഹരീഷ് പേരടി. പ്രതിനായകൻ കുഞ്ഞാലിയുടെ വേഷം ചെയ്യണമെന്ന് പ്രിയദർശൻ വിളിച്ച് പറഞ്ഞ ദിവസം താൻ ഉറങ്ങിയിട്ടില്ലെന്ന് ഹരീഷ് പേരടി സാമൂഹിക മാധ്യമത്തിൽ കുറിച്ചു

എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയുള്ള ആന്തോളജിയ്ക്ക് വേണ്ടിയാണ് പ്രിയദർശൻ ഓളവും തീരവും ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയിൽ ആരംഭിച്ചിട്ടുണ്ട്.

1957ല്‍ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയാണ് ‘ഓളവും തീരവും’. ഇതേ പേരിലാണ് സിനിമയും ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുക.

1970ല്‍ പിഎന്‍ മേനോന്റെ സംവിധാനത്തില്‍ ചെറുകഥ സിനിമയാക്കിയിരുന്നു. മധു നായകനും ബാലൻ കെ നായർ പ്രതിനായകനുമായും വേഷമിട്ടു. എംടിയുടെ മകള്‍ അശ്വതി വി നായര്‍, സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് ആന്തോളജിയിലെ മറ്റ് സംവിധായകര്‍.

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

1969-മലയാള സിനിമയെ പൂർണ്ണമായും സ്‌റ്റുഡിയോയിൽ നിന്ന് മോചിപ്പിച്ച എം.ടി.സാറിന്റെയും P.N.മേനോൻസാറിന്റെയും ഓളവും തീരവും ഇറങ്ങിയ വർഷം. ഈ പാവം ഞാൻ ജനിച്ച വർഷം.

53 വർഷങ്ങൾക്കുശേഷം പ്രിയൻ സാർ ആ സിനിമ പുനർനിർമ്മിക്കുകയാണ്. മധുസാർ ചെയ്ത ബാപ്പുട്ടിയെ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ പരകായപ്രവേശം ചെയ്യുന്നു. ജോസ് പ്രകാശ്സാർ ചെയ്ത കുഞ്ഞാലിയെന്ന പ്രതിനായകന് “എന്റെ മനസ്സിൽ ഹരീഷിന്റെ മുഖമാണെന്ന് “പ്രിയൻസാർ വിളിച്ചു പറഞ്ഞ ആ രാത്രി ഞാൻ ഉറങ്ങിയില്ല.

ഇത്തരം ബഹുമതികൾ കിട്ടുമ്പോൾ എങ്ങിനെ ഉറങ്ങും. അഭിനയം എന്ന കല ഭൗതികമായ വ്യായാമങ്ങൾ മാത്രമല്ല. കഥാപാത്രത്തിന്റെ മനസ്സിലേക്ക് കുടിയേറാൻ ചില ആത്മിയ സഞ്ചാരങ്ങൾ കൂടി വേണം എന്ന് വിശ്വസിക്കുന്ന അഭിനേതാവ് എന്ന നിലക്ക്. ഇന്ന്‌ നേരെ ജോസ് പ്രകാശ്സാറിന്റെ മകൻ രാജേട്ടനെയും(ഈ ഫോട്ടോയിൽ കാണുന്ന ആൾ) കൂട്ടി പള്ളി സെമിത്തേരിയിലെ സാറിന്റെ കല്ലറക്കുമുന്നിൽ പുഷ്പങ്ങൾ അർപ്പിച്ച് അനുവാദം വാങ്ങി. അനുഗ്രഹം വാങ്ങി.

ഒട്ടും താമസിക്കാതെ കഥയുടെ കുലപതി എം.ടി സാറിന്റെ വീട്ടിലെത്തി. കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളെയും കാലത്തെയും മനസ്സിലാക്കാനുള്ള ഒരു എളിയ ശ്രമവും നടത്തി. അധികം സംസാരിക്കാത്ത എം.ടി സാർ ഇന്ന് എന്നോട് പതിവിൽ കവിഞ്ഞ് സജീവമായപ്പോൾ അത് വാക്കുകൾകൊണ്ട് വിവരിക്കാൻ പറ്റാത്ത അനുഭവമായി.

എം.ടി സാറിന്റെ ഭാഷയിൽ പറഞ്ഞാൽ “കുടുക്കില്ലാത്ത ട്രൗസറിൽ വാഴനാര് കൂട്ടി ക്കെട്ടി” അഭിനയത്തിന്റെ വലിയ ലോകത്തെ സ്വപ്നം കണ്ട് ഓടിയ ആ സ്ക്കൂൾ നാടകക്കാരന് ഇതിലും വലിയ അനുഗ്രഹം എവിടുന്ന് കിട്ടാൻ. പ്രാർത്ഥനകളും അനുഗ്രഹങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ട്, ഹരീഷ് പേരടി

RELATED ARTICLES
- Advertisment -

Most Popular

Recent Comments