ആരാധകനെ കയ്യേറ്റം ചെയ്ത് സിനിമാതാരം ; താരം അടിച്ചതിൽ അഭിമാനമെന്ന് ആരാധകൻ !

0

സിനിമ താരങ്ങളോട് ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ് ഉള്ളത്. അതുകൊണ്ട് തന്നെ അവരോടുള്ള സ്നേഹം പ്രകടിപ്പിയ്ക്കുന്നതിനു വേണ്ടി ആരാധകർ സിനിമാതാരങ്ങളെ കാണുമ്പൊൾ അവരുമൊത്ത് ഫോട്ടോ എടുക്കാനും അവരുടെ ഓട്ടോഗ്രാഫ് വാങ്ങുവാനുമെല്ലാം ശ്രമിയ്ക്കും. ഇതെല്ലം സർവസാധാരണമാണ്. എന്നാൽ പലപ്പോഴും സിനിമാതാരങ്ങൾ ഇത്തരം ആരാധകരോട് മോശമായി പെരുമാറാറുമുണ്ട്. അതെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ സൃഷ്ടിയ്ക്കാറുമുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ ആരാധകനോട് മോശമായി പെരുമാറി വാർത്ത സൃഷ്ടിച്ചിരിയ്ക്കുകയാണ് സിനിമാതാരം.

തെലുങ്ക് സിനിമതാരം ബാലകൃഷ്ണയാണ് ആരാധകനെ തല്ലി വാര്‍ത്ത സൃഷ്ടിച്ചിരിയ്ക്കുന്നത്. ഹിന്ദുപുര്‍ നിയോജക മണ്ഡലത്തിലാണ് സംഭവം നടന്നിരിയ്ക്കുന്നത്. ഈ സ്ഥലത്ത് ഒരു പരിപാടിയ്ക്ക് എത്തിയ ബാലകൃഷ്ണ അണികളില്‍ ഒരാള്‍ വീഡിയോ പിടിക്കുന്നതില്‍ പ്രകോപിതനായാണ് അയാളെ തല്ലിയത്. ഇയാളുടെ മുഖത്ത് ബാലകൃഷ്ണ അടിക്കുന്നതും, ഇയാളെ വഴക്ക് പറയുന്നതുമായ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നേരത്തെ സെല്‍ഫി എടുത്ത ആരാധകനെ തല്ലിയതും, അങ്കിള്‍ എന്ന് വിളിച്ച യുവ നടന്‍റെ ചിത്രത്തിന്‍റെ ഓഡിയോ റിലീസില്‍ മോശമായി പെരുമാറിയതും അടക്കം നിരവധി പ്രശ്നങ്ങള്‍ സമാനമായ രീതിയിൽ ബാലകൃഷ്ണ സൃഷ്ടിച്ചിട്ടുണ്ട്.

ഇന്നിപ്പോൾ ബാലകൃഷ്ണയുടെ ഈ പുതിയ സംഭവത്തിന്‍റെ വീഡിയോയും വൈറലായി മാറിയിരിയ്ക്കുകയാണ്. സംഭവം വൈറലായതോടെ വിശദീകരണവുമായി അടി കിട്ടിയ ആരാധകന്‍ തന്നെ രംഗത്ത് വന്നു , ‘ഞാന്‍ ബാലയ്യയുടെ ആരാധകനാണ്, അദ്ദേഹത്തിന്‍റെ രാവിലെ മുതലുള്ള എല്ലാ പരിപാടിയിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അവസാനം വീട്ടിലെത്തിയപ്പോള്‍ ആരാധകനാണെന്ന് മനസിലാക്കാതെയാണ് വീഡിയോ എടുത്ത എന്നെ തള്ളിമാറ്റിയത്, അദ്ദേഹം എന്നെ തൊട്ടതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു’ എന്നായിരുന്നു ആരാധകൻ പറഞ്ഞത്. താരം തള്ളിയത് പോലും വിലമതിയ്ക്കാനാകാത്ത ഒരു സംഭവമായി എടുത്ത് കൊണ്ട് അയാളോട് ക്ഷേമിച്ചിരിയ്ക്കുകയാണ് ആ ആരാധകൻ. എന്നാൽ ഈ ആരാധകർ ഇല്ലാത്തപക്ഷം താരങ്ങൾ ഇല്ല എന്ന കാര്യം മറക്കുകയാണ് പല താരങ്ങളും.