HomeFilm News"മമ്മൂട്ടി എന്ന നടന്റെ അവിസ്മരണീയ പ്രകടനത്തിന് സാക്ഷ്യം വഹിക്കാൻ എനിക്ക് കഴിഞ്ഞു" ഒരേ കടൽ ഓർമകളിൽ...

“മമ്മൂട്ടി എന്ന നടന്റെ അവിസ്മരണീയ പ്രകടനത്തിന് സാക്ഷ്യം വഹിക്കാൻ എനിക്ക് കഴിഞ്ഞു” ഒരേ കടൽ ഓർമകളിൽ മീര

മമ്മൂട്ടി മീര ജാസ്മിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2007ൽ ശ്യാമ പ്രസാദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ഒരേക്കടൽ. മികച്ച നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രം ദേശിയ അന്തർദേശീയ തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി അവാർഡുകളും ചിത്രത്തിന് ലഭിച്ചു.

മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം. ചിത്രത്തിലെ സംഗീത സംവിധായകൻ ഔസേപ്പച്ചന് മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്. 2007ലെ മികച്ച ചിത്രം എന്നീ പുരസ്കാരങ്ങൾ ചിത്രം നേടി.

ഇപ്പോഴിതാ ചിത്രത്തിന്റെ ഓർമകൾ പങ്കുവെച്ച മീര ജാസ്മിന്റെ സാമൂഹിക മാധ്യമത്തിലെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ചില പ്രകടനങ്ങളും ചില കഥാപാത്രങ്ങളും നിങ്ങളുടെ ജീവിതത്തിൽ എത്തിപ്പെടാത്ത ഇടങ്ങളിലേക്ക് ആഴത്തിൽ കടന്നുചെല്ലുന്നുവെന്നും ശ്യാമപ്രസാദിന്റെ ‘ഒരേ കടൽ’ എന്നും അത്തരത്തിലുള്ള ഒരു യാത്രയായിരിക്കുമെന്നും മീര പറയുന്നു

“മമ്മൂട്ടി എന്ന നടന്റെ അവിസ്മരണീയമായ കഴിവിന് സാക്ഷ്യം വഹിക്കാൻ എനിക്ക് ഒരേ കടൽ അവസരമൊരുക്കി. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതും കാലാതീതവുമായ പ്രകടനങ്ങളിലൊന്നായ ഈ സിനിമ എനിക്ക് സ്‌ക്രീനിലും പുറത്തും ഏറ്റവും അതുല്യമായ ചില പ്രതിഭകളുമായി അടുത്തിടപഴകാൻ ജീവിതത്തിൽ ഒരിക്കൽ അവസരം നൽകി. നന്ദി മമ്മൂക്ക, എന്റെ ദീപ്തിക്ക് നാഥൻ ആയതിന്” മീര ജാസ്മിൻ കൂട്ടിച്ചേർത്തു.

തന്മയത്വമാർന്ന അഭിനയത്തിലൂടെ സിനിമ ആസ്വാദകരുടെ ഹൃദയത്തിൽ തന്റേതായ ഒരിടമുണ്ടാക്കിയ കലാകാരിയായ മീരാ ജാസ്മിൻ 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കാലെടുത്തുവെയ്ക്കുന്നത് . ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവിസ്മരണീയമാക്കിയത് .

ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് ജാസ്മിൻ മേരി ജോസഫ് എന്ന പേരിന് പകരം മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. പുതുമുഖങ്ങളെ അന്വേഷിച്ചു നടന്ന ലോഹിതദാസിന് ജാസ്മിനെ പരിചയപ്പെടുത്തിയത് സംവിധായകനായ ബ്ലെസിയാണ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്.

താൻ കൈകാര്യം ചെയ്ത കഥാപാത്രങ്ങളിലൊക്കെത്തന്നെ പ്രേക്ഷകന് ഓർമിക്കാനുള്ള തരത്തിൽ എന്തെങ്കിലും മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന നടി കൂടിയാണ് മീര. കസ്തൂരിമാൻ, പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, സ്വപനക്കൂട്, അച്ചുവിന്റെ അമ്മ, ഗ്രാമഫോൺ, ഒരേ കടൽ, കൽക്കട്ട ന്യൂസ്‌, വിനോദയാത്ര തുടങ്ങിയ ഹിറ്റ് സിനിമകളിലെ മീരയുടെ മുഖം പ്രേക്ഷകർ ഇപ്പോഴും ഓർത്തിരിക്കാൻ കാരണം അഭിനയ പാടവം തന്നെയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments