റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും കെജിഎഫ് ചാപ്റ്റർ രണ്ടിനെ കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ യഷ് നായകനായി ഒരുങ്ങിയ ചിത്രം ഇക്കഴിഞ്ഞ ഏപ്രിൽ 14നാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ ആകെ കളക്ഷൻ 1200 കോടിയിലേക്ക് അടുക്കുകയാണ്.
ചാപ്റ്റർ2 കണ്ട് സംവിധായകൻ ശങ്കർ ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കെജിഎഫ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒടുവിൽ ചിത്രം കണ്ടുവെന്നും മികച്ച അനുഭവത്തിന് പ്രശാന്ത് നീലിനും സംഘത്തിനും നന്ദിയുണ്ടെന്നും ശങ്കർ ട്വീറ്റ് ചെയ്തു.
“അവസാനം കെജിഎഫ് 2 കണ്ടു. കട്ടിംഗ് എഡ്ജ് ശൈലിയിലുള്ള അവതരണം, തിരക്കഥ, എഡിറ്റിംഗ്. ആക്ഷനും ഡയലോഗുകളും നല്ല രീതിയിൽ അവതരിപ്പിച്ചു. പവര്‍ഹൗസ് യഷിന് വേണ്ടി മാസിന്റെ പുതിയൊരു സ്റ്റൈല്‍ തന്നെ കൊണ്ടു വന്നു. പ്രശാന്ത് നീൽ ഞങ്ങൾക്ക് ഒരു “പെരിയപ്പ” അനുഭവം നൽകിയതിന് നന്ദി’ അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള ഇന്ത്യൻ സിനിമാ ആസ്വാദകരുടെ കാത്തിരിപ്പ് ചെറുതല്ല. മൂന്നാം ഭാഗത്തെ കുറിച്ചുള്ള നിർണായകമായ പ്രഖ്യാപനവുമായി ചിത്രത്തിന്റെ നിർമാതാവ് ഇക്കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ‘കെജിഎഫ് ചാപ്റ്റർ 3’യുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നും 2024ല്‍ റിലീസ് ചെയ്യാനാണ് ആലോചനയെന്നും നിർമാതാവ് വിജയ് കിരഗന്ദൂർ വ്യക്തമാക്കി.
പ്രശാന്ത് നീല്‍ ഇപ്പോള്‍ സലാറിന്റെ തിരക്കിലാണെന്നും ഏകദേശം 30-35 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിക്കുന്നു. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസത്തോടെ ഞങ്ങള്‍ അത് പൂര്‍ത്തിയായതിന് ശേഷം 3ആം ഭാഗം ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബോളിവുഡ് താരം സഞ്ജയ് ദത്തും ചാപ്റ്റർ 2ൽ പ്രധാന വേഷം കൈകാര്യം ചെയ്തു. വില്ലന്‍ കഥാപാത്രമായാണ് സഞ്ജയ് ദത്ത് വേഷമിടുന്നത് . രവീണ ടണ്ടണ്, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭുവന് ഗൗഡ ഛായാഗ്രഹണവും ശ്രീകാന്ത് ചിത്രസംയോജനവും നിർവഹിക്കുന്നു. രവി ബസൂറാണ് സംഗീതം. ഹോമെബിള്‍ ഫിലീംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങിയത്.
2019 മാര്‍ച്ചിലാണ് കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങിയത്. ആദ്യഭാഗത്തെ ഷൂട്ടിങ്ങ് സമയത്തും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന റിലീസ് കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.
Recent Comments