“ദൃശ്യം 3 ” വരുന്നു ; ആവേശത്തിൽ പ്രേക്ഷകർ !

0

പ്രേക്ഷകരുടെ ആകാംഷയ്ക്കും പ്രതീക്ഷകൾക്കും എല്ലാം വിരാമം ഇട്ടുകൊണ്ടായിരുന്നു ജീത്തു ജോസഫ് -മോഹൻലാൽ കൂട്ടുകെട്ടിൽ ദൃശ്യം 2 ഇന്ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. നല്ല അഭിപ്രായത്തിൽ മുന്നേറുന്ന ദൃശ്യം 2 ജിത്തുജോസഫിന്റെ മാസ്റ്റർപീസ് ആയി മാറിയിരിയ്ക്കുന്ന ഈ ഒരു ഘട്ടത്തിൽ ദൃശ്യത്തിന്റെ മൂന്നാം ഭാഗം എത്തുന്നു എന്നതിന്റെ സൂചനകളാണ് ലഭിയ്ക്കുന്നത്. ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇത്തരത്തിൽ ഒരു സൂചന നല്കിയിരിയ്ക്കുന്നത്.

ദൃശ്യം 3 സിനിമ ജീത്തുവിന്‍റെ മനസ്സിലുണ്ടെന്നും അദ്ദേഹത്തിന്‍റെ സംസാരത്തിൽ നിന്നാണ് അക്കാര്യം മനസ്സിലായതെന്നും അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. ദൃശ്യം 3 സിനിമയെക്കുറിച്ച് മോഹന്‍ലാലും സംവിധായകന്‍ ജീത്തു ജോസഫും സംസാരിക്കുന്നുണ്ടെന്നും അങ്ങനെയൊരു സിനിമ പുറത്തിറങ്ങാന്‍ ഞങ്ങളെല്ലാം ആഗ്രഹിക്കുകയാണെന്നും ആന്‍റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

മോഹൻലാൽ, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയ മുൻനിര താരങ്ങൾ എല്ലാം ദൃശ്യം 2 വിൽ അഭിനയിച്ചിട്ടുണ്ട് . 2011 ൽ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2. വലിയ രീതിയിലുള്ള പ്രേക്ഷക പ്രീതിയാണ് ദൃശ്യത്തിന്റെ രണ്ടു ഭാഗങ്ങൾക്കും ലഭിച്ചിരിയ്ക്കുന്നത്. അങ്ങനെയുള്ളപ്പോൾ അടുത്ത ഭാഗം കൂടി എത്തും എന്ന വാർത്ത പ്രേക്ഷകരിൽ ആകാംഷ ഉയർത്തുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ ദൃശ്യത്തിന്റെ റീമേക്ക് എല്ലാ ഭാഷകളിലും ഉണ്ടാകുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു.

ചിത്രം തീയറ്ററിൽ റിലീസ് ചെയ്യുന്നില്ല എന്ന നിർമ്മാതാവിന്റെ തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ആയിരുന്നു ഉയർന്നിരുന്നത്. എന്നാൽ ഒടിടി റിലീസിലും വലിയ വിജയം കണ്ടെത്താൻ കഴിഞ്ഞതിൽ ദൃശ്യത്തിന്റെ പ്രവർത്തകർക്ക് അതിയായ സന്തോഷം ഉണ്ട്. മലയാളത്തിൽ ഒരു സൂപ്പർ സ്റ്റാർ അഭിനയിച്ച ബിഗ് ബജറ്റ് ചിത്രം ഒടിടി പ്ലാറ്റഫോമിൽ റിലീസ് ചെയ്യുന്നതും ഇത് ആദ്യമാണ്.