കുടുംബത്തെ രക്ഷിയ്ക്കാൻ പുതിയ പഴുതുകൾ തേടി ജോർജ്കുട്ടി ; ദൃശ്യം 2 റിവ്യൂ !

0

വളരെയധികം ആകാംഷയോടെ മലയാളി പ്രേക്ഷകർ കാത്തിരുന്ന ഒരു ചിത്രമാണ് ദൃശ്യം 2 . ദൃശ്യത്തിന്റെ ആദ്യഭാഗം അവശേഷിപ്പിച്ച ചോദ്യങ്ങൾക്ക് ഉത്തരമയാകുമോ ദൃശ്യം 2 എത്തുക എന്ന ചോദ്യമായിരുന്നു ജനങ്ങൾ ഉയർത്തിയിരുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഉൾപ്പടെ നിഗൂഢതകൾ കാണിച്ചു തരുന്നതരത്തിൽ ആയിരുന്നു. അങ്ങനെ എല്ലാ പ്രതീക്ഷകൾക്കും ആകാംഷകൾക്കും വിരാമം ഇട്ടുകൊണ്ട് ഇന്നിപ്പോൾ ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുകയും ചെയ്തു.

ആറ് വർഷങ്ങൾക്കു ശേഷമുള്ള ജോർജുകുട്ടിയുടെ ജീവിതമാണ് ‘ദൃശ്യം 2’വിലൂടെ സംവിധായകൻ ജീത്തു ജോസഫ് കാണിച്ചു തരുന്നത്. പഴയ കേബിൾ ടിവി ഓപ്പറേറ്ററിൽ നിന്നും മാറി ജോർജ്കുട്ടി ഇന്നൊരു തിയേറ്റർ ഉടമയും നിർമാതാവുമൊക്കെയാണ്. എല്ലാവരെയും അസൂയപ്പെടുത്തുന്ന തരത്തിലായിരുന്നു ജോർജുകുട്ടിയുടെ വളർച്ച.എന്നാൽ ഇപ്പോഴും അവർ ഭയപ്പെടുന്നുണ്ട്.

ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരുന്ന മകൾ അഞ്ജു, ജീവിതം വലിയ പ്രശ്നങ്ങളും അല്ലലുകളുമില്ലാതെ മുന്നോട്ടു പോവുമ്പോഴും പേരറിയാത്ത അസ്വസ്ഥതകളും ഭീതികളും നെഞ്ചിൽ പേറുന്ന ഭാര്യ ആനി… സത്യം എക്കാലവും ഒളിപ്പിക്കാനാവില്ല എന്ന ബോധ്യം ഉള്ളിൽ ഉറഞ്ഞു പോയതു കൊണ്ടാവാം എപ്പോൾ വേണമെങ്കിലും പിടിക്കപ്പെട്ടേക്കാം എന്ന ആശങ്ക ആനിയിലും അഞ്ജുവിലുമുണ്ട്. അവരുടെ ജീവിതങ്ങൾക്കു കാവലായി, രക്ഷനായി നിൽക്കുമ്പോഴും മകനെന്തു സംഭവിച്ചു എന്നറിയാതെ നീറുന്ന പ്രഭാകർ എന്ന അച്ഛന്റെ നൊമ്പരങ്ങൾക്കു മുന്നിൽ പതറുന്നുണ്ട് ജോർജുകുട്ടി.

പോലീസുകാർക്ക് തന്നെ നാണക്കേടുണ്ടാക്കിയ ഒരു കേസ് ആയിരുന്നു വരുണിന്റെ തിരോധാനം. വരുണിനു എന്ത് സംഭവിച്ചു എന്ന് കണ്ടെത്തുവാൻ സാധിയ്ക്കാത്ത പോലീസിന് മുന്നിൽ വളർന്നു വരികയാണ് ജോർജ്കുട്ടി. എന്നാൽ ജോർജ്കുട്ടി തന്റെ മനസിനുള്ളിൽ വലിയ ഒരു രഹസ്യവും കൊണ്ടാണ് നടക്കുന്നത് എന്ന കാര്യം ജോർജുകുട്ടിയുടെ കുടുംബത്തിന് ഒഴികെ മറ്റാർക്കും അറിയില്ല. എന്നാൽ ജോര്ജുകുട്ടിക്കെതിരെ വരുണിനു എന്താണ് സംഭവിച്ചത് എന്ന കാര്യം വ്യക്തമാക്കുന്നതിനായി ഒരു ദൃക്‌സാക്ഷി എത്തിയാലോ ? അവിടെ നിന്നാണ് ദൃശ്യം 2 വിന്റെ കഥ ആരംഭിയ്ക്കുന്നത് .

വേറിട്ട വഴികളിലൂടെയും ട്വിസ്റ്റുകളിലൂടെയും ത്രില്ലടിപ്പിച്ച ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിൽ നിന്നും ദൃശ്യം 2 വിനെ വത്യസ്തമാക്കുന്നത് ,അല്ലെങ്കിൽ ഒന്നുകൂടി മികച്ചതാക്കുന്നത് കഥാപാത്രങ്ങളുടെ പ്രകടനം കൂടിയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ഹാൾഫിനു ശേഷം മുതലാണ് ചിത്രം യഥാർത്ഥ പാത സ്വീകരിയ്ക്കുന്നത്. അതായത് ശെരിയ്ക്കുമൊരു ത്രില്ലറിലേയ്ക്ക് കടക്കുന്നത്. 6 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കൊലപാതകം മറച്ചുവെച്ചുകൊണ്ട് സ്വന്തം കുടുംബത്തെ രക്ഷിയ്ക്കുവാൻ ശ്രമിയ്ക്കുന്ന ജോർജുകുട്ടി ഒരേ സമയം നായകനും വില്ലനുമായി പരിണമിയ്ക്കുന്നു.

നിഗൂഢതകളുള്ള, അശാന്തിയുടെ ഒരു കടൽത്തന്നെ ഉള്ളിൽ പേറുന്ന ജോർജുകുട്ടി എന്ന കഥാപാത്രമായി വീണ്ടും വിസ്മയിപ്പിക്കുകയാണ് മോഹൻലാൽ. വൈകാരികമായ സംഘർഷങ്ങളെയും ഭീതിയേയുമെല്ലാം കണ്ണിൽ ഒളിപ്പിച്ചുകൊണ്ടുള്ള മീനയുടെ പ്രകടനവും എടുത്തു പറയേണ്ട ഒന്നാണ്. അൻസിബ, എസ്തർ, മുരളി ഗോപി, സിദ്ദിഖ്, ആശ ശരത്ത്, അഞ്ജലി നായർ, ഗണേഷ് കുമാർ, സായ് കുമാർ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമായി തന്നെ അവതരിപ്പിച്ചു.

ഛായാഗ്രഹണം, എഡിറ്റിംഗ് എന്നീ വിഭാഗങ്ങളും മികച്ചു നിൽക്കുന്നു. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. അനില്‍ ജോണ്‍സണ്‍ ആണ് പശ്ചാത്തല സംഗീതം. മികച്ച സിനിമാറ്റിക് അനുഭവം സമ്മാനിക്കുന്ന, ആദ്യഭാഗത്തോട് നീതി പുലർത്തുന്ന ചിത്രമെന്നു തന്നെ ‘ദൃശ്യം 2’വിനെ വിശേഷിപ്പിക്കാം. ഓടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിനെത്തിയ മലയാളത്തിൽ നിന്നുള്ള ആദ്യത്തെ സൂപ്പർസ്റ്റാർ ചിത്രം ഒരു തരത്തിലും ആരാധകരെ നിരാശരാക്കുകയില്ല എന്ന ഉറപ്പുകൂടിയാണ് ദൃശ്യം 2 നൽകുന്നത്. ഒരു ദൃശ്യ വിരുന്ന് തന്നെയാണ് ദൃശ്യം 2 .