‘ജോര്‍ജ്ജ് കുട്ടിയെ നിങ്ങളെ പോലെ എനിക്കും കൃത്യമായി പിടികിട്ടിയിട്ടില്ല’; രഹസ്യം വെളിപ്പെടുത്തി മോഹന്‍ലാല്‍

0

2013 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം2 പുറത്തു വരാന്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കേ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മോഹന്‍ലാല്‍. പ്രേക്ഷകരെ പോലെ തന്നെ ജോര്‍ജ്ജ് കുട്ടിയെ തനിക്കും പൂര്‍ണ്ണമായി മനസ്സിലായിട്ടില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

‘ജോര്‍ജ്ജ് കുട്ടിയെ നിങ്ങളെ പോലെ എനിക്കും കൃത്യമായി പിടികിട്ടിയിട്ടില്ല. രഹസ്യങ്ങള്‍ ഒളിപ്പിച്ച് ആദ്യ ഭാഗത്ത് അയാള്‍ വിജയിയാകുന്നു. തുടര്‍ന്നും അങ്ങനെതന്നെയാണ്. പൊലീസ് അറസ്റ്റുചെയ്തുകഴിഞ്ഞാല്‍ രഹസ്യം അവസാനിച്ചില്ലേ എന്ന് ചോദിച്ചപ്പോള്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതുകൊണ്ടുമാത്രം അങ്ങനെയാവണമെന്നില്ലല്ലോ എന്ന് മോഹന്‍ലാല്‍ തിരിച്ചു ചോദിക്കുന്നു. അയാള്‍ ജയിലിലാവുകയാണെങ്കില്‍ അടുത്തഭാഗത്ത് ജയില്‍ ചാടി വരാമല്ലോ..? അങ്ങനെ ദൃശ്യം 3 ഉണ്ടാകട്ടെയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

‘ജോര്‍ജുകുട്ടിയെപ്പോലെ രഹസ്യം ഒളിപ്പിച്ചതുപോലെ സിനിമയെകുറിച്ചുള്ള രഹസ്യങ്ങള്‍ നിങ്ങളാരും പുറത്തുപറയരുത്. എല്ലാവരും കാണട്ടെ. ആദ്യഭാഗം പോലെ ദൃശ്യം 2 തിയറ്ററില്‍ കാണാന്‍ ആഗ്രഹിക്കുന്നവരുണ്ട്. ഒടിടി റിലീസാണെങ്കിലും നാലുമാസം കഴിഞ്ഞ് ദൃശ്യം 2 തിയറ്ററുകളില്‍ റിലീസ് ചെയ്‌തേക്കാം. നീണ്ടകാലത്തെ അഭിനയ ജീവിതത്തില്‍ ദൃശ്യം 2 പലതുകൊണ്ടും പ്രത്യേകത നിറഞ്ഞതാണ്. കൊവിഡ് കാലത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കാനുള്ള തീരുമാനത്തിന്റെ ഭാഗം കൂടിയായിരുന്നു ചുരുങ്ങിയ സമയം കൊണ്ട ചിത്രീകരണം ആരംഭിച്ചത്. എല്ലാം ഭംഗിയായതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.