മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു ഫ്ലവേഴ്സ് ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും. ഉപ്പും മുളകും അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുമെന്നാണ് ഉപ്പും മുളകിനെ കുറിച്ച് ചാനല്‍ അറിയിച്ചത്. അഞ്ച് വര്‍ഷത്തിന് മുകളിലായി സംപ്രേഷണം തുടരുന്ന ഷോ കഴിഞ്ഞ ഒരു മാസമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ഉപ്പും മുളകിലെ അഭിനേതാക്കളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് പ്രീയങ്കരരാണ്. അവരുടെ വിശേഷങ്ങള്‍ ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെ കൃത്യമായി അറിയാറുമുണ്ട്.
ഇതോടെ ഫാന്‍സ് പേജുകളില്‍ നിറയെ പരിപാടിയെ കുറിച്ചുള്ള ആശങ്കകളും പ്രതിഷേധങ്ങളും നിറഞ്ഞിരുന്നു. ‘ഞങ്ങളോട് കുറച്ച് വെയിറ്റ് ചെയ്യാനാണ് ചാനലില്‍ നിന്നും പറഞ്ഞത്. അതുകൊണ്ട് മറ്റ് വര്‍ക്കുകളൊന്നും ഏറ്റെടുക്കാതെ ഞങ്ങളും ഉപ്പും മുളകിനും വേണ്ടി കാത്തിരിക്കുകയാണെന്നും വൈകാതെ തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അടുത്തിടെ ബാലുവും നീലുവും പ്രതികരിച്ചിരുന്നു’. ചില പ്രതിസന്ധികള്‍ കാരണം ഉപ്പും മുളകിനും ചെറിയൊരു ഇടവേള നല്‍കിയെന്നായിരുന്നു ചാനല്‍ മേധാവി ശ്രീകണ്ഠന് നായര്‍ വ്യക്തമാക്കിയത്.
എന്നാലിപ്പോള്‍ പരമ്പരയിലെ മുടിയനായി വേഷമിടുന്ന റിഷി എസ് കുമാര്‍ പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കിയിരിക്കുന്നത്. അനിയാനായ കേശുവായി വേഷമിടുന്ന അല്സാബിത്തിനൊപ്പമുള്ള ചിത്രമാണ് റിഷി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘കേശു കുട്ടനൊപ്പം’ എന്ന് ക്യാപ്ഷന്‍ കൊടുത്ത ചിത്രം വളരെ വേഗം വൈറലായി. ഉപ്പും മുളകും സീരിയലിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് റിഷി പോസ്റ്റ് ചെയ്തത്. ഇതോടെ ഉപ്പും മുളകും വീണ്ടും തുടങ്ങിയോ? എപ്പോഴാണ് എന്നൊക്കെയുള്ള കമന്റുകളുമായി ആരാധകരെത്തി. എന്നാല്‍ റിഷി ഇതുവരെ കമന്റുകള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. എന്തായാലും ഉപ്പും മുളകും വീണ്ടും ആരംഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.