ജീവിതത്തിന്റെ താളം തെറ്റിച്ച് ജീവിതത്തില്‍ വില്ലനായെത്തിയ ക്യാന്‍സറിനെക്കുറിച്ച് നടന് സുധീര്‍ നേരത്തേ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ക്യാന്‍സര്‍ തന്റെ ജീവിതത്തില്‍ വില്ലനായി എത്തിയെന്നും എന്നാല്‍ ഇപ്പോള്‍ സര്‍ജറി കഴിഞ്ഞ് താന്‍ അഭിനയത്തിലേക്ക് തിരികെ പ്രവേശിച്ചുവെന്നും സുധീര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. തുടരെ കഴിച്ച ഏതോ ആഹാരമാണ് നൈസായി പണി തന്നതെന്നും അദ്ദേഹം കുറിച്ചിരുന്നു.
അസുഖത്തിനും ചികിത്സയ്ക്കും ശേഷം പുതിയ സിനിമയില്‍ പ്രവേശിച്ചുവെന്നും ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നുമുള്ള സന്തോഷ വാര്‍ത്ത അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനിപ്പോള്‍. ‘ദൈവാനുഗ്രഹത്താലും സന്മനസ്സുകളുടെ പ്രാത്ഥനയും കൊണ്ട് 3 രാത്രി നീണ്ടു നിന്ന സംഘട്ടന രംഗങ്ങള്‍ ഒരു ആപത്തും കൂടാതെ പൂര്‍ത്തിയാക്കി. ഇനി സ്ട്രെയിന്‍ ഉള്ള രംഗങ്ങള്‍ ഒന്നും തന്നെയില്ല. ഒത്തിരി സന്തോഷം., അതിലിരട്ടി ആത്മവിശ്വാസം. ദൈവത്തിന് നന്ദി’ എന്നുമാണ് ഫേസ്ബുക്കില്‍ സുധീര്‍ കുറിച്ചത്.
ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു ഫെയ്സ് ചെയ്തിരുന്ന താന്‍ ക്യാന്‍സര്‍ ബാധിതനാണെന്നറിഞ്ഞപ്പോള്‍ ആദ്യം ഒന്ന് പതറിയെന്ന് സുധീര്‍ പറഞ്ഞിരുന്നു. കാരണം, മരിക്കാന്‍ പേടിയില്ല, മരണം മുന്നില്‍ കണ്ടു ജീവിക്കാന്‍ പണ്ടേ എനിക്ക് പേടിയായിരുന്നു. ദൈവതുല്യനായ ഡോക്ടറും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു. ജനുവരി 11 ന് സര്‍ജറി കഴിഞ്ഞു, അമൃതയില്‍ ആയിരുന്നു. കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി. 25 ന് സ്റ്റിച്ച് എടുത്തു.’ എന്നും സുധീര്‍ നേരത്തേ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.