‘ദോഷൈകദൃക്കുകള്‍, സെന്‍സ്‌ലെസ് എന്നേ ഈ പ്രകടനത്തെ വിളിക്കാനാവൂ’; വിവാദത്തില്‍ പ്രതികരണവുമായി രചന നാരായണ്‍കുട്ടി

0

താര സംഘടനയായ അമ്മയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം വേദിയില്‍ എക്സിക്യുട്ടീവ് മെമ്പര്‍മാരായ സ്ത്രീകളോട് വിവേചനം കാണിച്ചു എന്ന വിവാദത്തില്‍ പ്രതികരണവുമായി നടി രചന നാരായണന്‍കുട്ടിയും രംഗത്ത്. എക്സിക്യുട്ടീവ് അംഗങ്ങളായിട്ടുള്ള വനിത താരങ്ങള്‍ക്ക് ഇരിക്കാന്‍ വേദിയില്‍ സീറ്റ് നല്‍കിയില്ലെന്ന വിമര്‍ശനത്തിനെതിരെയാണ് രചന പ്രതികരിച്ചത്. സെന്‍സ്‌ലെസ് എന്നേ ഈ പ്രകടനത്തെ വിളിക്കാന്‍ സാധിക്കൂ എന്ന് രചന നാരായണന്‍കുട്ടി സോഷ്യല്‍മീഡിയയില്‍ കുറിച്ചു. വിഷയത്തില്‍ നേരത്തേ ഹണി റോസും പ്രതികരിച്ചിരുന്നു.

ചിലര്‍ അങ്ങനെ ആണ് ദോഷൈകദൃക്കുകള്‍! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍. വിമര്‍ശന ബുദ്ധി നല്ലതാണ് വേണം താനും. എന്നാല്‍ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. എന്നും രചന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാന്‍ ആണ് ഞങ്ങളുടെ ശ്രമം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും രചന കുറിച്ചു.

അമ്മയിലെ പ്രമുഖരടക്കമുള്ള താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വേദിയിലിരുന്നപ്പോള്‍ മറ്റുള്ളവര്‍ സദസ്സിലായിരുന്നു. എന്നാല്‍ എക്സിക്യുട്ടീവ് അംഗങ്ങളായിട്ടുള്ള വനിത താരങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കിയില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. നടിമാരായ ഹണി റോസ്, രചന നാരായണന്‍കുട്ടി അടക്കം എക്‌സിക്യൂട്ടീവ് അംഗങ്ങളായ നടിമാര്‍ വേദിയുടെ ഒരു സൈഡില്‍ നില്‍ക്കുകയായിരുന്നു. ചടങ്ങ് തുടങ്ങിയത് മുതല്‍ നടിമാരെ വേദിയില്‍ ഇരുത്തിയില്ലെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

എന്നാല്‍ തങ്ങളെ ആരും മാറ്റി നിര്‍ത്തിയില്ലെന്നാണ് എക്സിക്യുട്ടീവ് മെമ്പറായ ഹണി റോസ് പ്രതികരിച്ചിരുന്നു. പല തവണ തങ്ങളോട് ഇരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഹണി റോസ് പറഞ്ഞു. ‘എക്സിക്യുട്ടീവ് മെമ്പര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ജോലികള്‍ ഉണ്ടായിരുന്നു. ഇത്രയും വലിയ ചടങ്ങ് നടക്കുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഉണ്ടാകും. അതിനിടയില്‍ ഇരിക്കാന്‍ സാധിച്ചെന്ന് വരില്ല. കാര്യങ്ങള്‍ ചെയ്തിട്ട് ഓടി വന്നു നില്‍ക്കുമ്പോഴാണെന്ന് തോന്നുന്നു ഈ പറയുന്ന ചിത്രം എടുത്തത്. ഞാനും രചനയും മാത്രമല്ല, പുരുഷന്മാരും സ്്ത്രീകളും ഉള്‍പ്പെടെ മറ്റ് കമ്മിറ്റി മെമ്പേഴ്സും അവിടെ നില്‍പ്പുണ്ടായിരുന്നു. സ്ത്രീകള്‍ അവിടെ നിന്നു എന്നത് മാത്രം ഫോക്കസ് ചെയ്തതുകൊണ്ടാണ് ഈ പ്രശ്നം. സ്ത്രീകള്‍ എന്ന നിലയില്‍ ഒരു വിവേചനവും അമ്മയിലില്ല. അമ്മ എല്ലാ അംഗങ്ങളേയും ഒരുപോലെയാണ് കാണുന്നതെന്നും’ ഹണി റോസ് പറഞ്ഞിരുന്നു.

രചനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ചിലർ അങ്ങനെ ആണ്
ദോഷൈകദൃക്കുകൾ!
എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ.

വിമർശന ബുദ്ധി നല്ലതാണ് വേണം താനും …എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല …

ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ “ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം” എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം… ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം … സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് 🙏🏼സ്നേഹം
രചന നാരായണൻകുട്ടി