HomeFilm Newsചുരുളിക്ക് പോലീസിന്റെ ക്ലീന്‍ ചിറ്റ്; ഭാഷാപ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്കും ഉതകുന്നത്

ചുരുളിക്ക് പോലീസിന്റെ ക്ലീന്‍ ചിറ്റ്; ഭാഷാപ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്കും ഉതകുന്നത്

ചുരുളിക്ക് പോലീസിന്റെ ക്ലീന്‍ ചിറ്റ്. ചുരുളി’ സിനിമയ്‌ക്കെതിരെ നിയമനടപടി എടുക്കാനാവില്ലെന്ന് പോലീസിന്റെ പ്രത്യേകസംഘം പറഞ്ഞു. ഭാഷാപ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്ക് ഉതകുന്നതുമാണ് എന്നും പോലീസ് പ്രത്യേക സംഘം പറയുന്നു. കൂടാതെ ഒടിടി പൊതു ഇടമായി കണക്കാക്കാനാവില്ലെന്നും പ്രദര്‍ശനത്തിന് മുന്‍പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രത്യേകസംഘം റിപ്പോര്‍ട്ട് നല്‍കി.

നിലനില്‍പ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ചുരുളിയുടെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു.ഹര്‍ജി പരിഗണിച്ച കോടതി സിനിമ കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് നിര്‍ദേശിച്ചിരുന്നു.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് സമിതി സിനിമ പരിശോധിച്ചത്. ആദ്യമായാണ് പോലീസ് ഒരു സിനിമ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ഹൈക്കോടതിയെ നിലപാട് അറിയിക്കും.ജസ്റ്റിസ് എന്‍. നാഗേഷ് ആണ് ഹര്‍ജി പരിഗണിക്കുന്നത്.

ലിജോ പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി എന്നിവര്‍ അഭിനയിച്ച ചിത്രമാണ് ചുരുളി. സോണി ലിവിലൂടെയായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

പ്രദര്‍ശനത്തിന് പിന്നാലെ ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

 

 

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments