‘ഞങ്ങളെ ആരും മാറ്റിനിര്‍ത്തിയിട്ടില്ല, ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു, അതിനിടയ്ക്ക് ഓടി വന്നു നിന്നപ്പോള്‍ എടുത്ത ഫോട്ടോയാണത്’; ഹണി റോസ്

0

താര സംഘടനയായ അമ്മയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം വേദിയില്‍ എക്‌സിക്യുട്ടീവ് മെമ്പര്‍മാരായ സ്ത്രീകളോട് വിവേചനം കാണിച്ചു എന്ന വിവാദത്തില്‍ പ്രതികരണവുമായി നടി ഹണി റോസ് രംഗത്ത്. എക്‌സിക്യുട്ടീവ് അംഗങ്ങളായിട്ടുള്ള വനിത താരങ്ങള്‍ക്ക് ഇരിക്കാന്‍ വേദിയില്‍ സീറ്റ് നല്‍കിയില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്.

അമ്മയിലെ പ്രമുഖരടക്കമുള്ള താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എക്സിക്യൂട്ടീവ് അംഗങ്ങള്‍ വേദിയിലിരുന്നപ്പോള്‍ മറ്റുള്ളവര്‍ സദസ്സിലായിരുന്നു. എന്നാല്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായിട്ടുള്ള വനിത താരങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കിയില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരികയാണ്. നടിമാരായ ഹണി റോസ്, രചന നാരായണന്‍ക്കുട്ടി അടക്കം എക്സിക്യൂട്ടീവ് അംഗങ്ങളായ നടിമാര്‍ വേദിയുടെ ഒരു സൈഡില്‍ നില്‍ക്കുകയായിരുന്നു. ചടങ്ങ് തുടങ്ങിയത് മുതല്‍ നടിമാരെ വേദിയില്‍ ഇരുത്തിയില്ലെന്നുള്ളതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്.

എന്നാല്‍ തങ്ങളെ ആരും മാറ്റി നിര്‍ത്തിയില്ലെന്നാണ് എക്‌സിക്യുട്ടീവ് മെമ്പറായ ഹണി റോസ് പ്രതികരിച്ചത്. പല തവണ തങ്ങളോട് ഇരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഹണി റോസ് പറഞ്ഞു. എക്‌സിക്യുട്ടീവ് മെമ്പര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ജോലികള്‍ ഉണ്ടായിരുന്നു. ഇത്രയും വലിയ ചടങ്ങ് നടക്കുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഉണ്ടാകും. അതിനിടയില്‍ ഇരിക്കാന്‍ സാധിച്ചെന്ന് വരില്ല. കാര്യങ്ങള്‍ ചെയ്തിട്ട് ഓടി വന്നു നില്‍ക്കുമ്പോഴാണെന്ന് തോന്നുന്നു ഈ പറയുന്ന ചിത്രം എടുത്തത്. ഞാനും രചനയും മാത്രമല്ല, പുരുഷന്മാരും സ്്ത്രീകളും ഉള്‍പ്പെടെ മറ്റ് കമ്മിറ്റി മെമ്പേഴ്‌സും അവിടെ നില്‍പ്പുണ്ടായിരുന്നു. സ്ത്രീകള്‍ അവിടെ നിന്നു എന്നത് മാത്രം ഫോക്കസ് ചെയ്തതുകൊണ്ടാണ് ഈ പ്രശ്‌നം. സ്ത്രീകള്‍ എന്ന നിലയില്‍ ഒരു വിവേചനവും അമ്മയിലില്ല. അമ്മ എല്ലാ അംഗങ്ങളേയും ഒരുപോലെയാണ് കാണുന്നതെന്നും ഹണി റോസ് പറഞ്ഞു.

അതേസമയം ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്ന പ്രതികരണവുമായി നടി പാര്‍വ്വതി തെരുവോത്തും രംഗത്തെത്തിയിരുന്നു.’ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്‍ക്കുന്നു, ആണുങ്ങള്‍ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്പ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നതെന്ന് പാര്‍വതി പറഞ്ഞു.