‘ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദി, ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്നു’; പാര്‍വ്വതി തെരുവോത്ത്

0

താര സംഘടനയായ അമ്മയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് കലൂരില്‍ നടന്നത്. മമ്മൂട്ടിയും മോഹന്‍ ലാലും ചേര്‍ന്നാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ വെച്ച് മോഹന്‍ ലാല്‍ അമ്മയുടെ നേതൃത്വത്തില്‍ ട്വന്റി ട്വന്റി പോലെ വീണ്ടുമൊരു സിനിമ വരുന്നു എന്നും അനൗണ്‍സ് ചെയ്തിരുന്നു. അതേസമയം ഉദ്ഘാടന വേദിയിലെ പക്ഷപാതം വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എക്‌സിക്യുട്ടീവ് അംഗങ്ങളായിട്ടുള്ള വനിത താരങ്ങള്‍ക്ക് ഇരിക്കാന്‍ വേദിയില്‍ സീറ്റ് നല്‍കിയില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

അമ്മയിലെ പ്രമുഖരടക്കമുള്ള താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എക്സിക്യൂട്ടീവ് അംഗങ്ങള്‍ വേദിയിലിരുന്നപ്പോള്‍ മറ്റുള്ളവര്‍ സദസ്സിലായിരുന്നു. എന്നാല്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായിട്ടുള്ള വനിത താരങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കിയില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരികയാണ്. നടിമാരായ ഹണി റോസ്, രചന നാരായണന്‍ക്കുട്ടി അടക്കം എക്സിക്യൂട്ടീവ് അംഗങ്ങളായ നടിമാര്‍ വേദിയുടെ ഒരു സൈഡില്‍ നില്‍ക്കുകയായിരുന്നു. ചടങ്ങ് തുടങ്ങിയത് മുതല്‍ നടിമാരെ വേദിയില്‍ ഇരുത്തിയില്ലെന്നുള്ളതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്.

ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വ്വതി തെരുവോത്ത്. തന്റെ പുതിയ സിനിമയായ വര്‍ത്തമാനം റിലീസുമായി ബന്ധപ്പെട്ട് മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ നിലാപാട് പാര്‍വതി വ്യക്തമാക്കിയത്. ‘ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്‍ക്കുന്നു, ആണുങ്ങള്‍ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്പ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നതെന്ന്’ പാര്‍വതി പറയന്നു.