‘സച്ചിയേട്ടാ, ആരും കാണിക്കാത്ത ദയ നിങ്ങള്‍ എന്നോട് കാണിച്ചു’; വൈറലാകുന്ന ഓര്‍മ്മക്കുറിപ്പ്

0

അന്തരിച്ച സംവിധായകന്‍ സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഒന്നാം വാര്‍ഷികമായിരുന്നു ഇന്നലെ. സച്ചിയുടെ ഉറ്റ സുഹൃത്തും നടനുമായ പൃഥ്യുരാജ് അടക്കമുള്ള താരങ്ങള്‍ സച്ചിയുടെ ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ചിരുന്നു. വാര്‍ഷിക ദിനത്തില്‍ സച്ചിയുടെ സ്വപ്‌നമാണിത്, സഹോദരാ താങ്കള്‍ക്കായി സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനോടെ പൃഥ്യുരാജ് പുതിയ ചിത്രം അനൗണ്‍സ് ചെയ്തിരുന്നു.അയ്യപ്പനും കോശിയില്‍ കണ്ണമ്മയായെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന ഗൗരി സച്ചിയെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്.

ജീവിതം ഉളള സമയം വരെ സിനിമ നിലനില്‍കുന്നതുവരെ ഞാന്‍ സ്നേഹിക്കുന്ന എന്റെ സിനിമ എന്നില്‍ നിലനില്‍കുന്നതുവരെ സച്ചിയേട്ടാ നിങ്ങള്‍ക്ക് ഞാന്‍ എന്റെ ‘ഗുരു’ സ്ഥാനം മനസ്സറിഞ്ഞു നല്‍കുമെന്ന് ഗൗരി കുറിപ്പില്‍ പറയുന്നു. സച്ചിയേട്ടാ നിങ്ങള്‍ അറിഞ്ഞില്ലായിരുന്നു എങ്കില്‍ ഒരുപക്ഷെ ഞാന്‍ എന്താകുമായിരുന്നു എന്ന് ഇന്നും എനിക്ക് അറിയില്ല. കാരണം ഇങ്ങനെ ഒരു അവസരത്തിനായി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകള്‍ ആയിരുന്നു. എന്നിലെ കലാകാരിയെ മനസിലാക്കി അവള്‍ക്ക് വേണ്ടത് എന്താണ് എന്ന് അറിഞ്ഞു തന്നെ നിങ്ങള്‍ പ്രവര്‍ത്തിച്ചു. ഒരിക്കലും ആരും എന്നോട് കാണിക്കാത്ത ദയ നിങ്ങള്‍ എന്നോട് കാണിച്ചു. ആ കലാകാരിക്ക് വേണ്ടത് എല്ലാം നല്‍കി സമൂഹത്തില്‍ അറിയപ്പെടുന്ന, എല്ലാവരും ഇഷ്ട്ടപെടുന്ന നടിയാക്കി. ഇന്ന് എല്ലാവരും അംഗീകരിച്ച നടി, കലാകാരി ആയി എങ്കില്‍ അത് നിങ്ങള്‍മൂലം ആണ് സച്ചിയേട്ടാ’. ഗൗരി എഴുതി.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

അയ്യപ്പനും കോശിയും ഫെബ്രുവരി 7-2020
സച്ചിയേട്ടന്‍ ??
എന്റെ ജീവിതത്തില്‍ ഞാന്‍ സ്നേഹിക്കുന്ന, വിശ്വസിക്കുന്ന, സ്വപ്നംകാണുന്ന എന്റെ സിനിമാജീവിതത്തില്‍ എന്നെ അഭിമാനത്തോടെ തല ഉയര്‍ത്തി നടക്കാന്‍ എനിക്ക് അവസരം ഉണ്ടാക്കിതന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട എന്റെ സിനിമ..
സിനിമയില്‍ എനിക്കും ഒരു സ്ഥാനം ഉണ്ട് എന്ന് എന്നെ തന്നെ സന്തോഷിപ്പിക്കുന്ന തരത്തില്‍ എന്നിലെ കലാകാരിയെ, അഭിനയത്രിയെ ഈ സമൂഹത്തിന് മുന്‍പില്‍ അഭിമാനത്തോടും, അംഗീകാരത്തോടും നിര്‍ത്തിയ എന്റെ കഥാപാത്രം ‘കണ്ണമ്മ’…
സച്ചിയേട്ടാ നിങ്ങള്‍ അറിഞ്ഞില്ലായിരുന്നു എങ്കില്‍ ഒരുപക്ഷെ ഞാന്‍ എന്താകുമായിരുന്നു എന്ന് ഇന്നും എനിക്ക് അറിയില്ല. കാരണം ഇങ്ങനെ ഒരു അവസരത്തിനായി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകള്‍ ആയിരുന്നു. എന്നിലെ കലാകാരിയെ മനസിലാക്കി അവള്‍ക്ക് വേണ്ടത് എന്താണ് എന്ന് അറിഞ്ഞു തന്നെ നിങ്ങള്‍ പ്രവര്‍ത്തിച്ചു. ഒരിക്കലും ആരും എന്നോട് കാണിക്കാത്ത ദയ നിങ്ങള്‍ എന്നോട് കാണിച്ചു. ആ കലാകാരിക്ക് വേണ്ടത് എല്ലാം നല്‍കി സമൂഹത്തില്‍ അറിയപ്പെടുന്ന, എല്ലാവരും ഇഷ്ട്ടപെടുന്ന നടിയാക്കി..
ഇന്ന് എല്ലാവരും അംഗീകരിച്ച നടി, കലാകാരി ആയി എങ്കില്‍ അത് നിങ്ങള്‍മൂലം ആണ് സച്ചിയേട്ടാ ..
പക്ഷെ എല്ലാം പ്രസക്തിയും നല്‍കി നിങ്ങള്‍ അപ്രത്യക്ഷമായി യാത്ര പറഞ്ഞപ്പോള്‍ വീണ്ടും എല്ലാം തുടങ്ങണം എന്ന് തോന്നുന്നു.. ജീവിതം ഉളള സമയം വരെ സിനിമ നിലനില്‍കുന്നതുവരെ ഞാന്‍ സ്നേഹിക്കുന്ന എന്റെ സിനിമ എന്നില്‍ നിലനില്‍കുന്നതുവരെ സച്ചിയേട്ടാ നിങ്ങള്‍ക്ക് ഞാന്‍ എന്റെ ‘ഗുരു’ സ്ഥാനം മനസ്സറിഞ്ഞു നല്‍കും …
എന്നില്‍ നിറഞ്ഞാടിയ കണ്ണമ്മ വെറും കഥാപാത്രം ആയി കാണാതെ അതിനെ ഞാന്‍ എന്നില്‍ ഒരുവളായി തന്നെ നിലനിര്‍ത്തും…
ഈ കഥാപാത്രം കൊണ്ടും, ഈ സിനിമകൊണ്ടും ലോകത്തിന്റെ ഏത് കോണിലും അതുപൊലെ സിനിമാജീവിതത്തിന്റെ ഏത് വലിയ സ്ഥാനത്തും എത്താന്‍ ഞാന്‍ ശ്രമിക്കും ..
എനിക്ക് നേടണം ഞാന്‍ ആഗ്രഹിക്കുന്ന സ്ഥാനമാനങ്ങള്‍ അതിന് വേണ്ടി തുടങ്ങുന്നു എന്റെ പ്രയത്‌നങ്ങള്‍ വീണ്ടും.. പക്ഷെ ഈ തവണ കൂടെ ഉണ്ടാകണം എന്റെ ഉയര്‍ച്ച ആഗ്രഹിച്ച, നന്‍മ ആഗ്രഹിച്ച സച്ചിയേട്ടന്റെ ആ മനസ്സറിഞ്ഞുള്ള അനുഗ്രഹം…
ഈ സിനിമയുടെ ഒപ്പം ഉണ്ടായിരുന്നവര്‍ ഇതും ആയി സഹകരിച്ച ഞാന്‍ അറിയുന്നതും അറിയാത്തതുമായ ഓരോരുത്തരോടും എന്റെ സ്‌നേഹവും നന്ദിയും അറിയിക്കുന്നു..
ഞങ്ങളുടെ ഈ സിനിമ നിങ്ങളുടെ നെഞ്ചോട് ചേര്‍ത്ത് എന്നും പ്രിയപെട്ടതാക്കി മാറ്റിയ പ്രിയപ്പെട്ട പ്രേക്ഷകരോടും സ്‌നേഹവും നന്ദിയും..
സിനിമ ഉളള കാലം വരെ സിനിമയെ സ്നേഹിക്കുന്ന എല്ലാവരിലും സച്ചിയേട്ടനും ഉണ്ടാക്കും..
എന്നിലും!.