തമിഴ് സൂപ്പര്‍ താരം സൂര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയില്‍ കഴിയുകയാണെന്നും സൂര്യ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ‘ചികിത്സയ്ക്ക് പിന്നാലെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാല്‍ പേടിക്കേണ്ടതില്ല. ജാഗ്രതയും സുരക്ഷയുമൊരുക്കണം. നമുക്ക് പിന്തുണ നല്കുന്ന ഡോക്ടര്‍മാരോട് സ്നേഹവും നന്ദിയും’. താരം ഫേസ്ബുക്കില്‍ കുറിച്ചു. സൂര്യയ്ക്ക് രോഗശാന്തി നേര്‍ന്ന് നിരവധി കോളിവുഡ് താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.
സൂര്യയുടേതായി ഏറ്റവും ഒടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രായിരുന്നു. ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. വെട്രിമാരന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു വെബ് സീരിസിലും അഭിനയിക്കുന്നുണ്ട്. സിനിമാതാരങ്ങള്‍ക്ക് തുടര്‍ച്ചയായി കോവിഡ് സ്ഥിരീകരിക്കുന്നതോടെ തമിഴ്നാട്ടില്‍ ചലചിത്ര ഷൂട്ടിങ്ങുകള്‍ക്ക് നിയന്ത്രണമുണ്ട്.