ശ്രീനാഥ്‌ ഭാസിയുടെ ശബ്ദത്തിൽ “പറുദീസ”; ഭീഷ്മ പർവ്വത്തിലെ ഗാനം പുറത്തിറങ്ങി

0

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന സിനിമയായ ‘ഭീഷ്മ പർവ്വം’ വലിയ ആവേശമാണ്​ സിനിമാ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്​. മമ്മൂട്ടി ആരാധകർ അമൽ നീരദ് മമ്മൂട്ടി കോംബോയ്ക്കായ്‌ അക്ഷമരായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

പറുദീസ എന്ന് പേരിട്ടിരിക്കുന്ന ഗാനം ‘ഈ വാനിന്‍ തീരങ്ങള്‍ തെളിയുന്നു’ എന്ന വരിയോട് കൂടിയാണ് ആരംഭിക്കുന്നത് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ശ്രീനാഥ്‌ ഭാസിയാണ് ഗാനമാലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ മമ്മൂട്ടിയുടെ മേക്കോവർ തന്നെയാണ് സിനിമാ പ്രേമികൾക്ക് ആകർഷണീയമായ സംഭവങ്ങളിൽ ഒന്ന്. സിനിമയിൽ മമ്മൂട്ടി നടത്തുന്ന രൂപമാറ്റം ഇത് ആദ്യമല്ലെങ്കിലും ആരാധകർ ആവേശത്തിലാണ്. മമ്മൂട്ടിയുടെ കഴിഞ്ഞ പിറന്നാൾ ദിനത്തിൽ വൈകിട്ടോടെയാണ് സംവിധായകൻ അമൽ നീരദ് മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആയിരുന്നു തീരുമാനിച്ചിരുന്ന ചിത്രമെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ‘ഭീഷ്‍മ പര്‍വ്വം’ പ്രഖ്യാപിക്കുകയായിരുന്നു.

അമല്‍ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാം ചിത്രത്തിന്റെ സംഗീത സംവിധാനവും വിവേക് ഹര്‍ഷൻ വിഷ്വൽ എഡിറ്റിംഗും നിർവഹിക്കുന്നു.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.