മലയാള സിനിമയ്ക്ക് ഇടിപ്പടങ്ങള്‍ സമ്മാനിച്ച പ്രീയ സംവിധായകനാണ് ഷാജി കൈലാസ്. സുരേഷ് ഗോപി എന്ന താരത്തിന്റെ ചൂടന്‍ ഭാവങ്ങള്‍ പ്രേക്ഷകര്‍ കണ്ടത് ഷാജി കൈലാസ് ചിത്രങ്ങളിലൂടെയായിരുന്നു. 1990 ല്‍ ന്യൂസ് എന്ന ലോ ബജറ്റ് ചിത്രവുമായിട്ടണ് ഷാജി മലയാള സിനിമയിലേക്ക് എത്തിച്ചേരുന്നത്. പിന്നീട് കമ്മീഷണര്‍, ഏകലവ്യന്, നരസിംഹം, ആറാം തമ്പുരാന്, എഫ്ഐആര്‍ തുടങ്ങി നിരവധി ഇടിപ്പടങ്ങള്‍ ഒരുക്കി ആരാധകരെ ആവേശത്തിലാഴ്ത്തിയ സംവിധായകന് അതിനു ശേഷം കുറച്ച് വര്‍ഷങ്ങള്‍ സിനിമാ ലോകത്ത് സജീവമല്ലായിരുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പം ഷാജി കൈലാസ് നിര്‍മ്മിച്ച സിനിമകള്‍ വന്‍ വിജയമായിരുന്നു. ദി കിംഗ്, വല്യേട്ടന്, ആറാം തമ്പുരാന് എന്നിവ ഇതിനുദാഹരണങ്ങളാണ്. തമിഴിലും ഷാജി സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ‘കടുവ’ എന്ന സിനിമയൊരുക്കി മലയാള സിനിമാ ലോകത്തേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ഷാജി കൈലാസ്. ഇന്ന് അദ്ദേഹത്തിന്റെ 56ാം ജന്മദിനമാണ്. സംവിധായകന് ആശംസകള്‍ നേര്‍ന്ന് താരങ്ങളെല്ലാവരും തന്നെ എത്തിയിട്ടുണ്ട്. എന്നാല്‍ സര്‍പ്രൈസ് ആശംസ നല്കി ഷാജി കൈലാസിനെ ഞെട്ടിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
‘ഹലോ ഷാജി, ഇന്ന് ബെര്‍ത്ത് ഡേയാണ്. ഹാപ്പി ബെര്‍ത്ത്ഡേ, ഒരുപാടു സ്നേഹത്തോടെ ഒരുപാട് പ്രാര്‍ത്ഥനയോടെ ഹാപ്പി ബെര്‍ത്ത് ഡേ’ എന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. ഷാജി തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്റെ ജീവിതത്തിലെ വണ്ടര്ഫുള് ദിവസം. ഞാനേറെ ഇഷ്ടപ്പെടുന്നയാളില് നിന്നുള്ള ആശംസ. ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒത്തിരി നന്ദി ലാല്‍ജി എന്ന് കുറിച്ചാണ് ഷാജി കൈലാസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഹാപ്പി ബെര്‍ത്ത് ഡേ മാസ്റ്റര്‍ എന്ന് കുറിച്ചുകൊണ്ട് ടീം കടുവയുടെ ആശംസകളുമായി നടന് പൃഥ്വിരാജും എത്തിയിട്ടുണ്ട്. ആശംസകളുമായി സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരാണ് എത്തിയിരിക്കുന്നത്.