“ഞങ്ങളെല്ലാം അല്പം മുറിവേറ്റവർ” – മഞ്ജു പകര്‍ത്തിയ ചിത്രവുമായി ഭാവന

0

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. 2002ൽ പുറത്തിറങ്ങിയ കമൽ ചിത്രം നമ്മളിൽ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അഭിനയലോകത്തേയ്ക്ക് കടന്നുവന്ന താരം പിന്നീട് തെന്നിന്ത്യയിൽ ഏറെ ആരാധകവൃത്തമുള്ള നടിയായി ചുവടുറപ്പിച്ചു.

കന്നഡ ചലച്ചിത്ര നിർമ്മാതാവ് നവീനുമൊത്തുള്ള വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ താരം നവീനുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. വൻ സ്വീകാര്യതയാണ് ചിത്രങ്ങൾക്ക് ലഭിക്കാറുള്ളത്.

2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രമാണ് മലയാളത്തില്‍ ഭാവന അവസാനമായി വേഷമിട്ട ചിത്രം. കുറച്ചുനാളത്തെ ഇടവേളക്ക് ശേഷം ’96’ എന്ന ഹിറ്റ് തമിഴ് ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ചിത്രത്തിൽ കൈകാര്യം ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്നഡ സിനിമയായ ഭജറംഗി 2 ആണ് ഭാവന ഒടുവിൽ വേഷമിട്ട ചലച്ചിത്രം.

സിനിമയിലും പുറത്തും സുഹൃത്ത് ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് ഭാവനയുടേത്. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഭാവനയുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണ്. മഞ്ജുവുമായുള്ള ചിത്രങ്ങൾ ഭാവന തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

ഭാവന പങ്കുവെച്ച ഏറ്റവും പുതിയ ഒരു കാന്റീഡ് ഫോട്ടോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്. മഞ്ജുവാണ് ചിത്രം പകർത്തിയിരിക്കുന്നത്. വാം ടോണിലുള്ള ചിത്രം ഒരു റെസ്റ്റോറന്റ്ന് അകത്തുവെച്ചുള്ളതാണ്. ഭാവനയുടെ കയ്യിൽ ഒരു ഫോർക്കും ഉണ്ട്.

“ഞങ്ങളെല്ലാം അല്പം മുറിവേറ്റവരാണ്, ആ മുറിവിലൂടെയാണ് പ്രകാശം കടന്നുവരുന്നതും.” ഫോട്ടോക്ക് താഴെ ഭാവന കുറിച്ചു. ഇതിനോടകം തന്നെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.