സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ തീയതികൾക്ക്‌ മാറ്റമില്ല

0

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് നിലവിലെ സ്ഥിതി ഗതികൾ വിലയിരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തിങ്കളാഴ്ച യോഗം ചേരും. പരീക്ഷകളുടെ നിലവാരം ഉയർത്തുന്നത് സംബന്ധിച്ചും സ്കൂളുകളുടെ മാർഗരേഖ പുതുക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ചയായേക്കും.

ജനുവരി അവസാനത്തോടെ ഫെബ്രുവരി ആദ്യവാരത്തിലോ എസ്എസ്എൽസി പാഠ്യ ഭാഗങ്ങൾ പൂർത്തീകരിക്കും. പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് ഫോക്കസ് ഏരിയകളും നിശ്ചയിച്ചു നൽകിയിട്ടുണ്ട്. കോവിഡ്‌ വ്യാപന പാശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മുൻപായി പരീക്ഷകൾ ഓഫ്‌ലൈൻ ആയിത്തന്നെ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

കോവിഡ് സാഹചര്യത്തിൽ ഒന്നുമുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഓൺലൈൻ ആക്കാൻ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ.ക്ലാസുകൾക്ക് പുതിയ ടൈം ടേബിൾ നൽകും.സ്കൂളുകൾ അടയ്ക്കാനുള്ള സാഹചര്യം നിലവിൽ ഇല്ലെന്ന് വിദഗ്ദ്ധർ പറഞ്ഞെങ്കിലും കുട്ടികളുടെ കാര്യത്തിൽ സര്ക്കാര് ഒരു പരീക്ഷണത്തിന് മുതിരില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഓൺലൈൻ ക്ലാസുകളിലെ പെട്ടന്ന് മാറുമ്പോൾ ഉണ്ടാകുന്ന പരിഭ്രമം ഒഴിവാക്കാനാണ് ഒരാഴ്ച കഴിഞ്ഞ് അടക്കാനുള്ള നിർദേശം നൽകിയതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

വിദ്യാർത്ഥികൾക്കിടയിൽ കാര്യമായ കോവിഡ് രോഗവ്യാപനം ഇല്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് ഓഫ്ലൈൻ ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് നിർത്തി വെക്കുന്നത് മുൻകരുതൽ എന്ന നിലയിൽ ആണ്‌. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.

കുട്ടികളുടെ സുരക്ഷയാണ് സർക്കാറിന് പ്രധാനം. ഡിജിറ്റൽ – ഓൺലൈൻ ക്ലാസുകളുടെ സമയക്രമം പുന:ക്രമീകരിക്കും . എസ് എസ് എൽ സി സിലബസ് ഫെബ്രുവരി ആദ്യവാരവും പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാന വാരവും പൂർത്തിയാക്കും വിധം ഡിജിറ്റൽ – ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കും. ഫോകസ് ഏരിയ നിശ്ചയിച്ചു നൽകിക്കഴിഞ്ഞു. 35 ലക്ഷത്തോളം കുട്ടികളാണ് രണ്ടാഴ്ചത്തേക്ക് വീടുകളിൽ ഇരുന്ന് ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുക.

തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. പുതുക്കിയ മാർഗ്ഗരേഖ യോഗത്തിന് ശേഷം പുറത്തിറക്കും. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാതീയതികളിൽ മാറ്റമില്ല. സ്കൂളിൽ വരുന്ന 10,11,12 ക്ളാസുകളിലെ കുട്ടികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും.

എത്രയും പെട്ടെന്ന് കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ശ്രമം. ആരോഗ്യ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകളിൽ വാക്സിൻ നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തും. വാക്സിനേഷൻ കണക്കുകൾ സ്കൂൾ തലത്തിൽ തന്നെ അപ്ഡേറ്റ് ചെയ്യാൻ കൈറ്റ് – വിക്ടർസ് പുതിയ പോർട്ടൽ ആരംഭിക്കും.