‘കുടുംബത്തില്‍ കൈക്കരുത്തില്ലാത്ത സ്ത്രീകള്‍ ഇല്ലാത്തതിന്റെ കുഴപ്പമാണിത്; പൃഥ്യുരാജിന്റെ ഹോട്ട് ചിത്രത്തിന് കടുകട്ടി വിമര്‍ശനം

0

മാല്‍ദീവ്സില്‍ അവധിയാഘോഷത്തിനിടെ പകര്‍ത്തിയ പൃഥ്യുരാജിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഷര്‍ട്ട് ധരിക്കാതെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്‌റ്റൈലിലായിരുന്നു പൃഥ്വിരാജിന്റെ നില്‍പ്. സുപ്രിയയാണ് ഭര്‍ത്താവിന്റെ ഹോട്ട് ചിത്രം പകര്‍ത്തിയിരിക്കുന്നത്. കുടുംബത്തിനൊപ്പമാണ് അവധിയാഘോഷത്തിനായി താരം മാല്‍ദീവ്സില്‍ എത്തിയത്. ഭാര്യയെടുത്ത ചിത്രം പൃഥ്യുരാജ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം ചിത്രം വൈറലായിരുന്നു.

ഇപ്പോഴിതാ പൃഥ്യുരാജിന്റെ സംസ്‌കാരത്തെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു കുറിപ്പ്. ‘സ്ത്രീകളും മറ്റുമുള്ള ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഇത്തരത്തില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിന്റെ ഉദ്ദേശം, പടം കുറയുമ്പോള്‍ തുണിയുടെ അളവു കുറച്ച് അവസരങ്ങള്‍ ഉണ്ടാക്കുക എന്നുള്ളതാണെന്ന് മനസ്സിലാക്കാന്‍ മിനിമം കോമണ്‍സെന്‍സ് മതിയാകുമെന്ന് കുറിപ്പില്‍ പറയുന്നു.’ സോഷ്യല്‍ മീഡിയയിലെ കുലസ്ത്രീ-കുല പുരുഷന്മാര്‍ക്ക് ചുട്ട മറുപടി നല്‍കുന്ന സര്‍ക്കാസവുമായി എത്തിയിരിക്കുന്നത് പോസ്റ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ നിഥിന്‍ കണ്ണന്‍ ആണ്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

‘മലയാളത്തിന്റെ മഹാനായ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കിട്ട ഫോട്ടോയാണിത് സ്വന്തം സ്വകാര്യ ഫോട്ടോ അതിന്റെ അളവ് എന്താണെങ്കിലും സ്വന്തം പങ്കാളിക്ക് സ്വകാര്യമായി നല്‍കുന്നതില്‍ തെറ്റു കാണുന്നില്ല, പക്ഷേ സ്ത്രീകളും മറ്റുമുള്ള ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഇത്തരത്തില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിന്റെ ഉദ്ദേശം, പടം കുറയുമ്പോള്‍ തുണിയുടെ അളവു കുറച്ച് അവസരങ്ങള്‍ ഉണ്ടാക്കുക എന്നുള്ളതാണെന്ന് മനസ്സിലാക്കാന്‍ മിനിമം കോമണ്‍സെന്‍സ് മതിയാകും.

ഇത്തരക്കാര്‍ തന്നെയാണ് നാളെ മീടൂ ക്യാമ്പയിനുകളുമായി ഇറങ്ങുന്നത് സ്വന്തം ആണ്‍ ശരീരത്തിന്റെ നഗ്‌നത കാണിച്ച് സ്ത്രീകളെ പ്രലോഭിപ്പിക്കുക, അവര്‍ ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ പിന്നീട് മീറ്റുകളും പത്രസമ്മേളനങ്ങളും ചാനല്‍ മുറികള്‍ കേറി ഇറങ്ങലുകളും ഇരവാദങ്ങളുമൊക്കെയായി കലാശക്കൊട്ട് തുടങ്ങുകയായി.

മിസ്റ്റര്‍ പൃഥ്വിരാജ് നിങ്ങളെന്ന നടനെ ബഹുമാനിക്കുപോഴും ലജ്ജ തോന്നുന്നു നിങ്ങളെന്ന പുരുഷനെ കുറിച്ചോര്‍ത്ത്. കുടുംബത്തില്‍ കൈക്കരുത്തില്ലാത്ത സ്ത്രീകള്‍ ഇല്ലാത്തതിന്റെ കുഴപ്പമാണിത്, ഇതുപോലുള്ളവരെയോക്കെ കയറൂരി വിടുന്ന ഭാര്യയെയും ആ വീട്ടുകാരെയും ആണ് പറയേണ്ടത്,

ഇത്തരത്തിലുള്ള വികലമായ വെസ്റ്റേണ്‍ സംസ്‌കാരത്തെ അഭിമാനത്തോടെ അനുകരിക്കുന്ന ഇത്തരക്കാരോട് പറയാനുള്ളത് നിങ്ങളുടെ മഹത്തായ വെസ്റ്റേണ്‍ സംസ്‌കാരം പൂത്തു വിളയുന്ന പല യൂറോപ്യന്‍ രാജ്യങ്ങളും കൊറോണ എന്ന മഹാവ്യാധിയില്‍പ്പെട്ട് ആടി ഉലഞ്ഞപ്പോള്‍ നമ്മുടെ ഇന്ത്യ പിടിച്ചുനിന്നത് ഈ നാട് പിന്തുടരുന്ന ശ്രേഷ്ഠമായ ഭാരതീയ സംസ്‌കാരവും അതിന്റെ പൈതൃകവും ഒന്ന് കൊണ്ടു മാത്രമാണെന്ന് ഓര്‍ത്താല്‍ നന്ന്.

കുളിമുറിയില്‍ നില്‍ക്കുമ്പോള്‍ പോലും നല്ല കസവു മുണ്ടും ഷര്‍ട്ടും ധരിച്ച് നില്‍ക്കുന്നതാണ് കുടുംബത്തില്‍ പിറന്ന ആണുങ്ങളുടെ ലക്ഷണമെന്ന് ഇത്തരത്തില്‍ ഉള്ളവരോട് ആരെങ്കിലും പറഞ്ഞു മനസ്സിലാക്കിയാല്‍ നാളെ അവരുടെ കണ്ണീരു നമുക്ക് കാണേണ്ടിവരില്ല.’