മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് സീസണ് 3 തുടങ്ങാന്‍ ഇനി കൃത്യം ഒരാഴ്ച മാത്രം ബാക്കി. ഷോയില്‍ മല്‍സരാര്‍ത്ഥികളായി ആരൊക്കെയാവും എത്തുകയെന്ന ആകാംക്ഷയിലാണ് എല്ലാവരും. വിവിധ മേഖലകളില്‍ നിന്നുളള നിരവധി സെലിബ്രിറ്റികളുടെ പേരുകള്‍ ബിഗ് ബോസ് 3യുടെതായി പറഞ്ഞുകേട്ടിരുന്നു. ‘ദി ഷോ മസ്റ്റ് ഗോ ഓണ്‍’ എന്ന ടാഗ് ലൈനോടെയാണ് ഷോയുടെ ടീസര്‍ പുറത്തുവിട്ടത്.
ബിഗ്ബോസ് സീസണ് 3യിലേക്കുള്ള എട്ടോളം മത്സരാര്‍ത്ഥികളുടെ പേരി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വ്ളോഗര്‍ ശരത് പരമേശ്വരന്. നോബി മാര്‍ക്കോസ്, ധന്യ നാഥ്, ആര് ജെ ഫിറോസ് തുടങ്ങിയവരുടെ പേരുകളാണ് നൂറു ശതമാനം ഉറപ്പാണ് എന്ന തരത്തില്‍ ശരത് പരമേശ്വരന് പറയുന്നത്. ഇവര്‍ക്കൊപ്പം തന്നെ ഗായിക രശ്മി സതീഷ്, ഭാഗ്യലക്ഷ്മി, ഡി 4 ഡാന്‍സ് ഫെയിം റംസാന് എന്നിവരുടെ പേരുകളും അദ്ദേഹം ഉറപ്പിച്ചു തന്നെ പറയുന്നു. മൊത്തം എട്ടു പേരെ തനിക്ക് അറിയാം എന്നും, എന്നാല്‍ ഇപ്പോള്‍ പറഞ്ഞ ആറ് പേര് അല്ലാതെയുള്ള രണ്ടുപേരുടെ പേരുകള്‍ ഇപ്പോള്‍ പറയാന്‍ ആകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ട്രാന്‍സ് കമ്യൂണിറ്റിയില്‍ നിന്നും ഒരാള്‍ ഉണ്ടാവും എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സീമ വിനീത് മുതല്‍ ദീപ്തി കല്യാണി വരെയുള്ള ട്രാന്‍സ് വിമെന്സിന്റെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ചെന്നൈ ആണ് ഇത്തവണയും മലയാളം ബിഗ് ബോസിന് വേദിയാവുക. ബിഗ്ബോസിലേക്ക് അന്തിമ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്വാറന്റൈനില്‍ കഴിയേണ്ടിവരും. ജനുവരി ആദ്യവാരത്തില്‍ തന്നെ ബിഗ്ബോസ് സീസണ് 3 ആരംഭിക്കുന്ന കാര്യം അവതാരകനായ മോഹന്‍ലാല്‍ അറിയിച്ചിരുന്നു.
മലയാളത്തില്‍ ബിഗ് ബോസ് ആദ്യ സീസണിനേക്കാള്‍ വലിയ സ്വീകാര്യത രണ്ടാം സീസണിനാണ് ലഭിച്ചത്. മിക്ക മല്‍സരാര്‍ത്ഥികളുടെയും പേരില്‍ ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ബിഗ് ബോസ് ആദ്യ സീസണില്‍ സാബുമോനാണ് വിജയി ആയത്. പേളി മാണി, ഷിയാസ് കരീം തുടങ്ങിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ആര്യ, ഫുക്രു, എലീന പടിക്കല്‍, അലക്സാന്‍ഡ്ര ജോണ്സണ്, അമൃത സുരേഷ്, അഭിരാമി സുരേഷ്, പാഷാണം ഷാജി, ആര്‍ജെ രഘു, സുജോ മാത്യൂ തുടങ്ങിയവരാണ് അവസാന സ്ഥാനങ്ങളില്‍ എത്തിയത്.