‘അന്നു ശരിക്കും ഞെട്ടി, ഉള്ളില്‍ തീ കോരിയിട്ട അനുഭവമായിരുന്നു’; റാംജിറാവ് സ്പീക്കിങ്ങിനെക്കുറിച്ച് സംവിധായകന്‍ ലാല്‍

0

സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് റാംജിറാവു സ്പീക്കിംഗ്. മലയാള സിനിമയില്‍ മാറ്റം കൊണ്ട് വന്ന ചിത്രം ഇന്നും പ്രേക്ഷകര്‍ക്ക് പ്രീയങ്കരമാണ്. റാംജിറാവ് സ്പീക്കിങ്ങ് ചിത്രം ചെയ്യുമ്പോള്‍ ഏറെ ടെന്‍ഷനടിച്ച സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ ലാല്‍. ആലപ്പുഴയിലെ കടല്‍പ്പാലം എന്ന സ്ഥലത്ത് ചിത്രീകരിക്കുമ്പോള്‍ അവിടെ വിജി തമ്പിയുടെ ‘നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. ആ സിനിമയുടെ ഒരു പോസ്റ്റര്‍ ഡിസൈന്‍ കണ്ടപ്പോള്‍ ശരിക്കും ഞെട്ടിയെന്നാണ് ലാല്‍ പറയുന്നത്. ശ്വാസം തന്നെ നിലച്ചു പോകുന്ന അവസ്ഥയായിരുന്നു അതെന്നും താനും സംവിധായകന്‍ സിദ്ദിഖും ആകെ തളര്‍ന്നു പോയൊന്നും ലാല്‍ പറഞ്ഞു.

ലാലിന്റെ വാക്കുകള്‍:

‘റാംജിറാവ് സ്പീക്കിങ്ങ്’ ആലപ്പുഴയിലെ കടല്‍പ്പാലം എന്ന സ്ഥലത്ത് ചിത്രീകരിക്കുമ്പോള്‍ അവിടെ വിജി തമ്പിയുടെ ‘നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. ആ സിനിമയുടെ ഒരു പോസ്റ്റര്‍ ഡിസൈന്‍ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി കിഡ്‌നാപ്പേഴ്‌സിന്റെ മുഖം മൂടി ധരിച്ചു നില്‍ക്കുന്ന മൂന്നു പേര്‍. ഞങ്ങളുടെ സിനിമയ്ക്ക് സമാനമായ രീതിയിലുള്ള പോസ്റ്റര്‍ ഡിസൈന്‍ ശരിക്കും ഉള്ളില്‍ തീ കോരിയിട്ടു.

അന്ന് വരെ തട്ടിക്കൊണ്ടു പോകല്‍ കഥ മലയാളത്തില്‍ വന്നിട്ടില്ല. ഞങ്ങള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അതേ സമയം തന്നെ കിഡ്‌നപ്പിംഗുമായി ബന്ധപ്പെട്ടു മറ്റൊരു സിനിമ. ഞങ്ങളുടെ കഥ മോഷ്ടിക്കപ്പെട്ടുവോ എന്ന് വരെ ചിന്തിച്ചു. ഉള്ളില്‍ തീ കോരിയിട്ട നിമിഷമായിരുന്നു അത്. എന്തായാലും രണ്ടു സിനിമയും ഇറങ്ങി കഴിഞ്ഞപ്പോള്‍ മനസിലായി അത് ഞങ്ങളുടെ സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന്. ആദ്യ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറ്റവും ആദ്യം ഓര്‍മ്മ വരുന്ന അനുഭവമാണിത്’- ലാല്‍ പറയുന്നു.