രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ്; രണ്ടര ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍, രാജ്യം അതീവജാഗ്രതയില്‍

0

ന്യൂഡല്‍ഹി: രാജ്യത്ത് ഭീതി ഉയര്‍ത്തി കൊവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷത്തിനടുത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,47,417 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. കഴിഞ്ഞ ദിവസത്തേതിലും 17 ശതമാനത്തിലധികം കേസുകളാണ് ഇന്ന് റിപ്പോര്‍ട്ടു ചെയ്തത്.

13.11 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 2,47,417 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ 11,17,531 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ 84,825 പേര്‍ കൂടി രോഗമുക്തി നേടി. 5,488 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വൈകിട്ട് നാലരയ്ക്കാണ് യോഗം. അതേസമയം കേരളത്തിലും കൊവിഡ് ഉയരുകയാണ്.

കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസര്‍ഗോഡ് 262, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.