കൊവിഡ് ഉയരുന്നു; സ്‌കൂളുകളിലും ഓഫിസുകളിലും നിയന്ത്രണം വന്നേക്കും, അവലോകന യോഗം നാളെ

0

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡും ഒമിക്രോണും കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച വീണ്ടും യോഗം ചേരും.

സ്‌കൂളുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യം ഉയര്‍ന്നു. അതേ സമയം സ്‌കൂളുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോ എന്ന വിഷയം മന്ത്രി വി. ശിവന്‍കുട്ടി ഇന്നു 11നു മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും.

തിങ്കളാഴ്ചയാണ് കോവിഡ് അവലോകനയോഗം അവസാനം ചേര്‍ ന്നത്.സ്‌കൂള്‍ നിയന്ത്രണം, ഓഫിസുകളിലെ ഹാജര്‍നില കുറയ്ക്കല്‍, പൊതു ഇടങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വാരാന്ത്യനിയന്ത്രണം തുടങ്ങിയ നിര്‍ദേശങ്ങളാണ് അന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ച്ചത്.

എന്നാല്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇത് വേണ്ട എന്ന തീരുമാനം എടുക്കുകയായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ പന്ത്രണ്ടായിരം എത്തി. ഒമിക്രോണ്‍ ഉയരുന്നു. നൂറിലേറെ വിദ്യാര്‍ഥികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജ് അടച്ചു.

ഈ സാഹചര്യമെല്ലാം വിലയിരുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.