സിപിഐഎം മെഗാ-തിരുവാതിര : 550 പേർക്കെതിരെ കേസെടുത്ത് പോലീസ്

0

തിരുവനന്തപുരത്ത് സിപിഐഎം സംഘടിപ്പിച്ച മെഗാ തിരുവാതിരക്കെതിരെ കേസെടുത്ത് പോലീസ്. മെഗാ തിരുവാതിരയിൽ പങ്കെടുത്ത 550 പേർക്കെതിരെയാണ് പാറശാല പോലീസ് കേസെടുത്തിരിക്കുന്നത്. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് കേസെടുത്തത്.

പാറശ്ശാലയിലെ ചെറുവാരക്കോണം സിഎസ്ഐ പള്ളി മൈതാനിയിൽ നടന്ന മെഗാ തിരുവാതിരക്ക് നേതൃത്വം നൽകിയത് ജനാതിപത്യ മഹിളാ അസോസിയേഷന്റെ പാറശാല ഏരിയ കമ്മിറ്റിയാണ്. മെഗാ തിരുവാതിരയുടെ മുഖ്യ സംഘാടക ജില്ലാ പഞ്ചായത്ത് അംഗം വിആർ സലൂജയാണ് കേസിൽ ഒന്നാം പ്രതി. അതേസമയം കാണികൾക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടില്ല.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.രതീന്ദ്രൻ, പുത്തൻകട വിജയൻ എന്നിവർ അടക്കമുള്ള സിപിഎംമിലെ പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.

സംസ്ഥാനത്ത് കോവിഡ് ഒമിക്രോൺ വ്യാപന സാഹചര്യം നിലനിൽക്കവെയാണ് സിപിഐഎംമിന്റെ നേതൃത്വത്തിൽ നിയമലംഘനം നടന്നിരിക്കുന്നത്. പൊതു പരിപാടികളിൽ 150 പേരിൽ കൂടുതൽ ആളുകൾ ഒത്തുകൂടരുത് സർക്കാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസമാണ് അറിയിച്ചിരുന്നത്. രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം.

പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ധരിക്കേണ്ടതാണ്. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗമുണ്ടെന്നാരും മറച്ച് വയ്ക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തേണ്ടതാണ്. തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യമന്ത്രി ഇന്നലെ നൽകിയിരുന്നത്.