ലതാജിക്ക് ന്യൂമോണിയയും, ഐസിയുവിൽ തുടരുന്നു; പ്രാർത്ഥനയോടെ രാജ്യം

0

ലതാ മങ്കേഷ്‌കറിന് കോവിഡിനോടൊപ്പം ന്യൂമോണിയ ബാധയും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ലതാ മങ്കേഷ്കറിനെ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് മുംബൈ ബ്രീച്ച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റി. ഇന്ന് നുമോണിയയും സ്ഥിരീകരിച്ചെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.

പത്ത് മുതൽ പന്ത്രണ്ട് ദിവസങ്ങൾ വരെ ഐസിയുവിൽ തുടരേണ്ടി വരുമെന്ന് ലതാജിയെ ചികിൽസിക്കുന്ന ഡോക്ടർ പ്രതീത് സാംധനി മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യ സ്ഥിതിയില്‍ പേടിക്കേണ്ട സാഹചര്യമില്ല എന്നാണ് ലതാ മങ്കേഷ്‌കറിന്റെ കൊച്ചുമകള്‍ ഇന്നലെ അറിയിച്ചിരുന്നത്. മുന്‍കരുതലിന്റെ ഭാഗമായിട്ട് മാത്രമാണ് ഐസിയൂവില്‍ പ്രവേശിപ്പിച്ചത് എന്നും തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കൊച്ചുമള്‍ രചന പറഞ്ഞു.

2019 ല്‍ ഇതേ ഹോസ്പിറ്റലില്‍ ലതാ മങ്കേഷ്‌കറിനെ പ്രവേശിപ്പിച്ചിരുന്നു. ശ്വസിക്കാന്‍ ഉണ്ടായ ബുദ്ധിമുട്ടിനെ തുടര്‍ന്നായിരുന്നു അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം പ്രിയഗായികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത എത്തിയതോടെ ഗായികയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് സിനിമ ലോകവും ആരാധകരും.

തൊണ്ണൂറ്റിരണ്ട് വയസ്സുള്ള ലതാ മങ്കേഷ്‌കര്‍ 36 പ്രാദേശിക, വിദേശഭാഷകളിലായി 27,000ല്‍പ്പരം ഗാനങ്ങള്‍ ആണ് ആലപിച്ചിട്ടുള്ളത്.. മൂന്ന് ദേശീയ അവാര്‍ഡുകള്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഭാരതരത്‌നം എന്നിവ നേടിയിട്ടുണ്ട്.