‘അത് നമുക്ക് അടുത്ത തവണ സംസാരിക്കാം; കര്‍ഷക സമരം സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി മോഹന്‍ലാല്‍

0

താരസംഘടനയായ അമ്മയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേദിയില്‍ വെച്ച് കര്‍ഷക സമരം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി നടന്‍ മോഹന്‍ ലാല്‍. മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ശേഷം അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ ലാല്‍ അമ്മയുടെ നേതൃത്വത്തില്‍ പുതിയ സിനിമയൊരുക്കുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ കര്‍ഷക സമരത്തെക്കുറിച്ച് ചോദിച്ചത്. എന്നാല്‍ ചോദ്യത്തില്‍ നിന്ന് മോഹന്‍ലാല്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

‘രാജ്യവ്യാപകമായി വലിയ സമരം നടന്നുകൊണ്ടിരിക്കുന്നു, സെലിബ്രിറ്റികള്‍ ഉള്‍പ്പടെ പ്രതികരിക്കുന്നു, മലയാളത്തിലെ താരങ്ങള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു? താങ്കള്‍ അടക്കമുള്ളവര്‍ വിവിധ വിഷയങ്ങളില്‍ പ്രതികരിക്കുന്നതാണ്, ഈ വിഷയത്തില്‍ മാത്രം എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?’ എന്നായിരുന്നു വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതേക്കുറിച്ച് നമുക്ക് അടുത്ത പ്രാവശ്യം സംസാരിക്കാമെന്നായിരുന്നു ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി. പിന്നീട് മോഹന്‍ലാല്‍ ഇതു സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.

അതേസമയം കലൂരിലെ നവീകരിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മമ്മൂട്ടിയും മോഹന്‍ ലാലും ചേര്‍ന്ന് ഇന്ന് രാവിലെയാണ് നിര്‍വഹിച്ചത്. അമ്മയുടെ രൂപീകരണത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലാണ് ”അമ്മ”യ്ക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം ഒരുങ്ങുന്നത്. എറണാകുളം കലൂര്‍ ദേശാഭിമാനി റോഡില്‍ അഞ്ചു നില കെട്ടിടം വാങ്ങി നവീകരിച്ച് എടുക്കുകയായിരുന്നു. ഇതിനായി ഏകദേശം പത്ത് കോടിയോളം രൂപ ചെലവായിട്ടുണ്ട്. ആധുനിക സാങ്കേതിക സൗകര്യങ്ങളോട് കൂടിയാണ് കെട്ടിടം നവീകരിച്ചിരിക്കുന്നത്.