താരസംഘടനയായ അമ്മയുടെ പുതിയൊരു ചിത്രം വരുന്നുവെന്ന് മോഹന്‍ ലാല്‍. ജോഷിയുടെ സംവിധാനത്തില്‍ 2008 ല്‍ പുറത്തിറങ്ങിയ ട്വന്റി ട്വന്റി എന്ന ചിത്രത്തിന് ശേഷമാണ് അമ്മയുടെ നേതൃത്വത്തില്‍ പുതിയൊരു ചിത്രം വരുന്നത്. കലൂര്‍ ദേശാഭിമാനി റോഡില്‍ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉല്‍ഘാടന വേദിയില്‍ വെച്ചാണ് മോഹന്‍ലാല്‍ പ്രഖ്യാപനം നടത്തിയത്. അമ്മ സംഘടനയ്ക്ക് വേണ്ടി ട്വന്റി 20 പോലൊരു ചിത്രം ചെയ്യുന്നുണ്ടെന്നും അതിന്റെ കാര്യങ്ങള്‍ സസ്പെന്‍സ് ആയി വച്ചിരിക്കുകയാണെന്നുമാണ് മോഹന്‍ലാല്‍ അറിയിച്ചത്.
രാജീവ് കുമാറിന്റെ തിരക്കഥയില്‍ പ്രിയദര്ശന് ആയിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക. ക്രൈം ത്രില്ലെര്‍ രൂപത്തില്‍ ഒരുക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസ് ആയിരിക്കും. 140 ന് മുകളില്‍ താരങ്ങള്‍ ഈ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് സൂചന. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയിലുണ്ടായ പ്രതിസന്ധി മറിക്കടക്കാന്‍ ആണ് ഇങ്ങനെയൊരു ചിത്രമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം കലൂരിലെ നവീകരിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മമ്മൂട്ടിയും മോഹന്‍ ലാലും ചേര്‍ന്ന് ഇന്ന് രാവിലെയാണ് നിര്‍വഹിച്ചത്. അമ്മയുടെ രൂപീകരണത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലാണ് ”അമ്മ”യ്ക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം ഒരുങ്ങുന്നത്. എറണാകുളം കലൂര്‍ ദേശാഭിമാനി റോഡില്‍ അഞ്ചു നില കെട്ടിടം വാങ്ങി നവീകരിച്ച് എടുക്കുകയായിരുന്നു. ഇതിനായി ഏകദേശം 10 കോടിയോളം രൂപ ചെലവായിട്ടുണ്ട്. ആധുനിക സാങ്കേതിക സൗകര്യങ്ങളോട് കൂടിയാണ് കെട്ടിടം നവീകരിച്ചിരിക്കുന്നത്.